വാഷിംഗ്ടൺ/വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മാർപാപ്പയോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിൽ ഉൾപ്പെടെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു.
അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രത്തിലെ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ ആവശ്യപ്പെട്ടിരുന്നു.
മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിന് ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടാകണം സംസ്കാരം നടത്തേണ്ടതെന്നും മാർപാപ്പയുടെ കുറിപ്പിൽ പറയുന്നു.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാൽ മതിയെന്നും വത്തിക്കാൻ പുറത്തുവിട്ട പാപ്പയുടെ മരണപത്രത്തിൽ പറയുന്നു.