ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണു ഫ്രാൻസിസ് മാർപാപ്പയുടെ വിടപറയൽ. ഒരാഴ്ച നീണ്ട മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം പൂർത്തിയാക്കിയ ശേഷം ധാക്കയിൽനിന്നു വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്ക്കിടെ 2017 ഡിസംബർ രണ്ടിനു നടത്തിയ പത്രസമ്മേളനത്തിൽ ദീപിക ലേഖകന്റെ ചോദ്യത്തിനു മറുപടിയായി പാപ്പാ ഇങ്ങനെ പറഞ്ഞു: ""ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു.
2018ൽ ഇന്ത്യ സന്ദർശിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. (പൊട്ടിച്ചിരിച്ചുകൊണ്ട്) ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ!’’ മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്നു വിശ്വാസികളടക്കം ലക്ഷക്കണക്കിനാളുകൾ ആഗ്രഹിക്കുന്നു. 2018ൽ ഇന്ത്യയിൽ വരുമെന്നു പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം.""ദൈവിക പദ്ധതിയുടെ ഭാഗമാണെല്ലാം. വളരെ വിശാലമായ രാജ്യവും വൈവിധ്യവുമുള്ള സംസ്കാരവുമാണ് ഇന്ത്യയുടേത്.
ഒരുപക്ഷേ, ഏറെ സ്നേഹിക്കുന്ന ഇന്ത്യയിലേക്കുള്ള പര്യടനത്തിനായിത്തന്നെ ഒരു പ്രത്യേക യാത്ര ആവശ്യമാണ്. വലിയ രാജ്യമായതിനാൽ ഇന്ത്യയുടെ തെക്കും വടക്കുകിഴക്കും മധ്യഭാരതത്തിലുമെല്ലാം എനിക്കു പോകേണ്ടി വരും’’. മാർപാപ്പ വിശദീകരിച്ചു.
ബംഗ്ലാദേശിൽനിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കു മുകളിലൂടെ പേപ്പൽ വിമാനം പറക്കുന്പോഴായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ വരാനായിരുന്നു ആദ്യം ആലോചിച്ചതെന്നും എന്നാൽ ഇന്ത്യയിലെ സർക്കാരിന്റെ തീരുമാനം വൈകിയതിനാൽ മ്യാൻമറിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമുള്ള മാർപാപ്പയുടെ വെളിപ്പെടുത്തലിൽ എല്ലാമുണ്ട്.
തൊട്ടടുത്ത രാജ്യത്തെത്തിയിട്ടും ലോകസമാധാനത്തിന്റെ അപ്പസ്തോലനായ ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനു പച്ചക്കൊടി കാട്ടാൻ കേന്ദ്രം മടിച്ചുവെന്നതു ദുഃഖകരമായി. കേരളത്തിലടക്കം ഇന്ത്യയിൽ എല്ലായിടവും സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി വീണ്ടും വരാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള പാപ്പായുടെ വാക്കുകൾ 140 കോടി ഇന്ത്യക്കാരുടെ മനസിൽ വിങ്ങലായി തുടരും.