കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഔദ്യോഗിക സ്ഥാനമാനങ്ങളുടെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് ആര്‍ച്ച്ബിഷപ് പ്രതികരിച്ചു.
ഔദ്യോഗിക വസതിയായ വത്തിക്കാന്‍ കൊട്ടാരത്തില്‍ താമസിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. കര്ദിനാള്മാര്ക്കൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്.
എട്ടോ ഒമ്പതോ മിനിറ്റുകള്‍ക്കപ്പുറം മാര്‍പാപ്പയുടെ പ്രസംഗങ്ങള്‍ നീളാറില്ല. എന്നാല്‍ പ്രസംഗം അവസാനിച്ചാലും ജനങ്ങളുടെ ഇടയില്‍നിന്ന് അദ്ദേഹം മടങ്ങാറില്ല. അവരോട് സംവദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും അവര്‍ക്കൊപ്പം മണിക്കൂറുകളോളം അദ്ദേഹം സമയം ചെലവഴിക്കും.
ഭാരതസഭയ്ക്ക് വളരെ പ്രിയങ്കരനാണ് അദ്ദേഹം. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവനും അജപാലന അധികാരവും പ്രേഷിത അധികാരവും നല്‍കിയത് മാര്‍പാപ്പയാണെന്നും ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.