വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുകയെന്ന് വത്തിക്കാൻ അറിയിച്ചു.
ഇന്ന് ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും.
അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു.