മാവേലിക്കര: മനുഷ്യസ്നേഹത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമായി ലോകസമാധാനത്തിന് വേണ്ടി നിലകൊണ്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണം ആഗോള തലത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരിച്ചു.
സത്യത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ ഉറച്ച വിശ്വാസത്തോടെ മുന്നേറിയ അദ്ദേഹത്തിന്റെ ആത്മീയ നേത്യത്വം, ലോകമനുഷ്യരെ സമരസതയുടെ ദിശയിൽ നയിച്ചുവെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ദരിദ്രരും പീഡിതരും അശരണരുമായവരോടും ചേർന്നുനിന്ന മാർപ്പാപ്പ മതപരിധികളെ മറികടന്ന് മനുഷ്യത്വത്തിന്റെ ആഴത്തിലുള്ള സന്ദേശങ്ങൾ ലോകമൊട്ടാകെ വിളിച്ചു പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിന്യായത്തിനും വേണ്ടി അദ്ദേഹം ഉയര്‍ത്തിയ ആഹ്വാനം ജനമനസുകളിൽ ശാശ്വതമായി നിലകൊള്ളണമെന്നും അദ്ദേഹം അനുസ്മരിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ വ്യക്തിപരമായും സമൂഹ്യപരമായും വൻ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ഓർമയും സന്ദേശങ്ങളും നമ്മെ എന്നും ശാന്തിയുടെയും സ്നേഹത്തിന്റെയും ദിശയിൽ നയിക്കാൻ ഇടയാക്കട്ടെ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.