കൈവിട്ട് കുതിച്ച് സ്വർണം, സര്‍വകാല റിക്കാര്‍ഡില്‍; രണ്ടു ദിവസത്തിനിടെ കൂടിയത് 1080 രൂപ
Saturday, September 21, 2024 11:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പ് തുടരുന്ന സ്വർണവില സർവകാല റിക്കാർഡിൽ. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,960 രൂപയിലും പവന് 55,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5,775 രൂപയിലെത്തി.
മേയ് 20ന് സ്വർണവില പവന് 55,120 രൂപയും ഗ്രാമിന് 6,895 രൂപയുമായിരുന്നു. ആ റിക്കാർഡാണ് ഇന്ന് മറികടന്നത്. വെള്ളിയാഴ്ച സ്വർണവില പവന് 480 രൂപ കൂടിയിരുന്നു. ഇതോടെ, രണ്ടു ദിവസത്തിനിടെ 1,080 രൂപയാണ് പവന് വർധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടിയായി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55,000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി.
എന്നാല്‍ വെള്ളിയാഴ്ച ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയ സ്വർണം ഇന്ന് വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വർണവിലയിൽ വലിയതോതിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിലും പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വില ഇന്ന് 2,622 ഡോളറിലായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയും കിലോഗ്രാമിന് 96,000 രൂപയുമാണ് വില.