യൂറോപ്പ: ഇംഗ്ലീഷ് ഫൈനല്‍
Friday, May 9, 2025 11:50 PM IST
മാഞ്ചസ്റ്റര്‍/ബോഡോ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ 2024-25 സീസണില്‍ ഇംഗ്ലീഷ് ഫൈനല്‍. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടന്‍ഹാം ഹോട്ട്സ്പുറും യൂറോപ്പ കിരീടത്തിനായി കൊമ്പുകോര്‍ക്കും.
സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ ബില്‍ബാവോയെ ഇരുപാദങ്ങളിലുമായി 7-1നു കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം പാദത്തിന്റെ ആദ്യ മിനിറ്റില്‍ മൈക്കല്‍ ജൗരെഗിസറിന്റെ ഗോളില്‍ ബില്‍ബാവോ ലീഡ് നേടി.
മാസണ് മൗണ്ടിന്റെ ഇരട്ട ഗോളാണ് രണ്ടാം പാദത്തില്‍ 4-1ന്റെ ജയത്തിലെത്താന്‍ യുണൈറ്റഡിനെ സഹായിച്ചത്. 72, 90+1 മിനിറ്റുകളിലായിരുന്നു മൗണ്ടിന്റെ ഗോളുകള്‍. കാസെമിറൊ (79’), റാസ്മസ് ഹോജ്ലന്‍ഡ് (85’) എന്നിവരും മാഞ്ചസ്റ്ററിനായി ഗോള്‍ നേടി.
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംറ്റിനെ ഇരുപാദങ്ങളിലുമായി 5-1നു സെമിയില്‍ മറികടന്നാണ് ടോട്ടന്‍ഹാം ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ 2-0നായിരുന്നു ടോട്ടന്‍ഹാമിന്റെ ജയം.