ഐപിഎല്ലിലും ബ്ലാക്ക്ഔട്ട് ; ഡൽഹി x പഞ്ചാബ് മത്സരം ഉപേക്ഷിച്ചു
Friday, May 9, 2025 12:56 AM IST
ധരംശാല: അതിർത്തിയിൽ പാക്കിസ്ഥാൻ വ്യോമാക്രണം നടത്തിയതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ അരങ്ങേറുകയായിരുന്ന ഡൽഹി ക്യാപ്പിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു.
ജമ്മു-കാഷ്മീരിൽ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ അതിർത്തിയിൽ ബ്ലാക്ക്ഔട്ട് (ലൈറ്റ് അണയ്ക്കൽ) നിർദേശം പുറപ്പെടുവിച്ചിരുന്നു. ധരംശാലയിൽ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരം 11-ാം ഓവറിലേക്കു കടന്നപ്പോൾ ബ്ലാക്ക്ഔട്ട് നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഫ്ളഡ്ലൈറ്റ് അണച്ചു.
ഫ്ളഡ്ലൈറ്റിന്റെ കേടുപാടായാണ് ആരാധകർ ആദ്യമിതിനെ കണ്ടത്. എന്നാൽ, സ്റ്റേഡിയത്തിൽനിന്ന് കളിക്കാരെയും ആരാധകരെ നീക്കം ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം ഏവർക്കും മനസിലായത്. ആളുകൾ പരിഭ്രാന്തരായെങ്കിലും എല്ലാം നിയന്ത്രണവിധേയമാണെന്ന് ഐപിഎൽ അധികൃതർ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ മത്സരം ഉപേക്ഷിച്ചതോടെ ഡൽഹിക്കും പഞ്ചാബിനും ഓരോ പോയിന്റ് വീതം നൽകി. 10.1 ഓവറിൽ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്തു നിൽക്കുകയായിരുന്നു. പ്രിയാൻഷ് ആര്യയും (70), പ്രഭ്സിമ്രൻ സിംഗും (50*) പഞ്ചാബിനായി അർധസെഞ്ചുറി നേടി.
ടീമുകൾ ട്രെയ്നിൽ മടങ്ങും
ഡൽഹി ക്യാപ്പിറ്റൽസ്, പഞ്ചാബ് കിംഗ്സ് ടീമുകൾ ധരംശാലയിൽനിന്ന് ട്രെയ്നിൽ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇരുടീമിലെയും കളിക്കാരടക്കമുള്ളവർ ഹോട്ടലിൽ സുരക്ഷിതമായി എത്തിയതായും സ്ഥിരീകരിക്കപ്പെട്ടു. ടീം ഹോട്ടൽ പരിസരങ്ങളിൽ ബ്ലാക്ക്ഔട്ട് നിർദേശം ഇല്ലെന്നാണ് വിവരം.
ഇന്നത്തെ മത്സരം നടക്കുമോ?
അതേസമയം, ലക്നോയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ലക്നോ സൂപ്പർ ജയന്റ്സും തമ്മിൽ ഇന്നു നടക്കേണ്ട മത്സരത്തെ സംബന്ധിച്ചുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്. ബ്ലാക്ക്ഔട്ട് നിർദേശം നിലനിൽക്കുമെങ്കിൽ ഇന്നത്തെ ഐപിഎൽ മത്സരം മറ്റൊരു ദിനത്തിലേക്കു മാറ്റിവയ്ക്കാനാണ് സാധ്യത. ഇതിനിടെ ഗുജറാത്ത് ടൈറ്റൻസ് അടുത്ത മത്സരത്തിനായി ഡൽഹിയിലും മുംബൈ ഇന്ത്യൻസ് അഹമ്മദാബാദിലും എത്തിയതായാണ് വിവരം.
കളിക്കാരുടെ സുരക്ഷയെ കരുതി ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉണ്ടെന്നാണ് സൂചന.