വിനേഷ്: വിധി ഇന്ന്
Tuesday, August 13, 2024 2:23 AM IST
പാരീസ്: ഒളിന്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വെള്ളിമെഡൽ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയിൽ സമർപ്പിച്ച അപ്പീലിനുള്ള വിധി ഇന്ന്.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിന്റെയന്ന് നടത്തിയ ഭാര പരിശോധനയിൽ അനുവദനീയമായതിലും തൂക്കം 100 ഗ്രാം കൂടിയതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്. അയോഗ്യയാക്കിയ നടപടിയെയാണ് വിനേഷ് ചോദ്യം ചെയ്തിരിക്കുന്നത്. സെമി ഫൈനൽ വരെ കൃത്യമായ തൂക്കം പാലിച്ചെന്ന് വിനേഷ് അപ്പീലിൽ പറയുന്നു.
വിനേഷിന് അനുകൂലമായി വിധി ലഭിച്ചാൽ ഇന്ത്യയുടെ മെഡൽ എണ്ണം ഏഴിലെത്തും; ഒപ്പം രണ്ടു വെള്ളിയും രേഖപ്പെടുത്തും. വിധി ഒളിന്പിക്സ് പൂർത്തിയാകുംമുന്പ് വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ചില രേഖകൾ ഹാജരാക്കാനായി കോടതി സമയം നീട്ടിനല്‍കുകയായിരുന്നു.