ഓസീസ് ലീഡ്
Friday, March 1, 2024 11:31 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ. ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ നിലംപരിശാക്കി ഓസീസ് ബൗളർമാർ പ്രതാപം കാട്ടിയപ്പോൾ കിവീസ് ഇന്നിംഗ്സ് 179ൽ അവസാനിച്ചു.
ഓസീസിന് 204 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 13 റണ്‍സെടുത്തു. മൊത്തം 217 റണ്‍സിന്റെ ലീഡ്. നാഥൻ ലിയോണിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ന്യൂസിലൻഡിനെ ചെറിയ സ്കോറിലൊതുക്കിയത്.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് രക്ഷകനായത് കാമറോണ്‍ ഗ്രീനും (174) വാലറ്റത്ത് ജോഷ് ഹെയ്സൽവുഡും (22). രണ്ടാം ദിനം 279/9 എന്ന നിലയിൽ ആരംഭിച്ച ഇന്നിംഗ്സ് ഇരുവരും ചേർന്ന് 383ൽ എത്തിച്ചു. പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മാറ്റ് ഹെൻറിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ വരിഞ്ഞുമുറുക്കിയത്.
ഗ്ലെൻ ഫിലിപ്സ് (71), മാറ്റ് ഹെൻറി (42), ടോം ബ്ലൻണ്ടെൽ (33) എന്നിവരുടെ ചെറുത്തു നിൽപ്പാണ് കിവീസ് ഒന്നാം ഇന്നിംഗ്സ് സ്കോർ 179ൽ എത്തിച്ചത്.