പരന്പര കൈവിട്ട് ഇന്ത്യ എ
Monday, December 4, 2023 1:24 AM IST
മുംബൈ: ഇന്ത്യ എ വനിതകൾക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇസി വോംഗിന്റെ മികവിൽ ഇംഗ്ലണ്ട് എ ടീം സ്വന്തമാക്കി.
മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ട് എ രണ്ടു വിക്കറ്റിന് ഇന്ത്യ എയെ പരാജയപ്പെടുത്തി. മത്സരത്തിലെ താരമായ വോംഗ് 30 പന്തിൽ 28 റണ്‍സും 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ഇതോടെ പരന്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്കോർ: ഇന്ത്യ എ 19.2 ഓവറിൽ 101. ഇംഗ്ലണ്ട് എ 19.1 ഓവറിൽ 104/8.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്കായി ഉമ ചേത്രി (21), ദിഷാ കസത് (20) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. മറുപടി ബാറ്റിംഗിൽ വോംഗ് (28*), ഹോളി അർമിതേജ് (27) എന്നിവരുടെ പ്രകടനമാണ് ജയത്തിലേക്കു നയിച്ചത്. ഇന്ത്യൻ ക്യാപ്റ്റനും മലയാളി താരവുമായ മിന്നു മണി രണ്ടു വിക്കറ്റ് വീഴ്ത്തി.