അണ്ടർ 17 ഫിഫ ലോകകപ്പ് ജർമനിക്ക്
Sunday, December 3, 2023 1:28 AM IST
സുരകാർത (ഇന്തോനേഷ്യ): ഫിഫ അണ്ടർ 17 ആണ്‍കുട്ടികളുടെ ലോകകപ്പിൽ ജർമനിയുടെ കന്നിമുത്തം. ഫൈനലിൽ 2 (4) - 2 (3)ന് ഫ്രാൻസിനെ സഡൻ ഡെത്തിലൂടെ കീഴടക്കിയാണ് ജർമനി ചരിത്രത്തിൽ ആദ്യമായി അണ്ടർ 17 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് ഇരുടീമും 2-2 സമനില പാലിച്ചു. പാരിസ് ബർണർ (29’ പെനാൽറ്റി), നോഹ് ഡാർവിച്ച് (51’) എന്നിവരായിരുന്നു ജർമനിക്കുവേണ്ടി ഗോൾ നേടിയത്. സൈമൻ ബൗബ്രേ (53’), മത്യാസ് അമൗഗൊ (85’) എന്നിവരിലൂടെ ഫ്രാൻസ് സമനില സ്വന്തമാക്കി.
ഷൂട്ടൗട്ടിൽ ജർമനിയുടെ ആദ്യ ഷോട്ട് ഫ്രഞ്ച് ഗോൾ കീപ്പർ തടഞ്ഞു. അഞ്ച് കിക്ക് പൂർത്തിയായപ്പോൾ 3-3 സമനില പാലിച്ചതോടെ സഡൻ ഡെത്തിലേക്ക്. സഡൻ ഡെത്തിലെ ആദ്യ ഷോട്ട് ലക്ഷ്യത്തിലെത്തിക്കാൻ ഫ്രാൻസിനു സാധിച്ചില്ല. അതേസമയം, ഫ്രഞ്ച് വലകുലുക്കി അൾമുഗേര കബർ ജർമനിക്ക് ലോകകപ്പ് സമ്മാനിച്ചു.
2023 അണ്ടർ 17 യൂറോ കപ്പ് ഫൈനലിലും ഫ്രാൻസിനെ ഷൂട്ടൗട്ടിലൂടെ കീഴടക്കി ജർമനി ചാന്പ്യന്മാരായിരുന്നു. ഈ വർഷം ജൂണ്‍ രണ്ടിന് നടന്ന യൂറോ അണ്ടർ 17 ഫൈനലിൽ ഗോൾരഹിത സമനിലയ്ക്കുശേഷം 5-4നായിരുന്നു സഡൻ ഡെത്തിലൂടെ ജർമൻ കിരീട നേട്ടം.
സീനിയർ ഫിഫ ലോകകപ്പ് ഫൈനലിനു പിന്നാലെ ഫ്രാൻസിന് കൗമാര ഫൈനലിലും തോൽവി. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നു കീഴടക്കി അർജന്റീന കിരീടം നേടിയിരുന്നു.
ഫിഫ അണ്ടർ 17 ലോകകപ്പിൽ ജർമനിയുടെയും ഫ്രാൻസിന്റെയും രണ്ടാം ഫൈനലായിരുന്നു. 1985ലായിരുന്നു മുന്‍പ് ജർമനി ഫൈനൽ കളിച്ചത്. 2001 ചാന്പ്യന്മാരാണ് ഫ്രാൻസ്. നൈജീരിയയാണ് (5) കൂടുതൽ തവണ ചാന്പ്യന്മാരായത്.