ലിവർ ഗാക്പൊ
Saturday, December 2, 2023 1:08 AM IST
ലിവർപൂൾ: സ്വന്തം തട്ടകമായ ആൻഫീൽഡിൽ ആധികാരിക ജയത്തോടെ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ നോക്കൗട്ടിലേക്ക് ലിവർപൂൾ എഫ്സിയുടെ മുന്നേറ്റം. കോഡി ഗാക്പൊ നേടിയ ഇരട്ട ഗോൾ (15’, 90+2’) ബലത്തിൽ ചെന്പട 4-0ന് എൽഎഎസ്കെ ലിൻസിനെ തോൽപ്പിച്ചു.
ഗ്രൂപ്പ് ഇയിൽ ഒരു മത്സരം ശേഷിക്കേയാണ് ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇംഗ്ലീഷ് ക്ലബ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ലൂയിസ് ഡിയസ് (12’), മുഹമ്മദ് സല (51’ പെനാൽറ്റി) എന്നിവരും ഓസ്ട്രിയൻ ക്ലബ്ബിനെതിരേ വലകുലുക്കി.
വിവിധ പോരാട്ടങ്ങളിലായി ലിവർപൂൾ ഹോം മത്സരത്തിൽ തുടർച്ചയായ 10-ാം ജയമാണ് സ്വന്തമാക്കിയത്. രണ്ടോ അതിൽ കൂടുതലോ ഗോൾ വ്യത്യാസത്തിലായിരുന്നു ലിവർപൂളിന്റെ എല്ലാ ജയങ്ങളും. 1938ൽ വൂൾവ്സിനുശേഷം ഇത്തരത്തിലൊരു ഹോം പടയോട്ടം ഒരു ഇംഗ്ലീഷ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്.
ഗ്രൂപ്പ് എച്ചിൽ അപരാജിയ കുതിപ്പ് തുടരുന്ന ലെവർകൂസൻ മാത്രമാണ് ലിവർപൂളിനൊപ്പം പ്രീക്വാർട്ടർ ഉറപ്പിച്ച മറ്റൊരു ടീം. റയൽ ബെറ്റിസ്, മാഴ്സെ, വെസ്റ്റ് ഹാം, അത്ലാന്ത തുടങ്ങിയ ടീമുകളും പ്രീ ക്വാർട്ടർ യോഗ്യതയുടെ വക്കിലാണ്.