ബ്ലാസ്റ്റേഴ്സ് x ചെന്നൈയിൻ മത്സരം സമനിലയിൽ
Thursday, November 30, 2023 1:14 AM IST
വി.ആർ. ശ്രീജിത്ത്
കൊച്ചി: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ചെന്നൈയിൻ എഫ്സിയുമായി സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരം 3-3ന് സമനിലയിൽ കലാശിച്ചു. ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തിൽ പലതവണ പിന്നിൽ പോയിട്ടും വീറോടെ പോരാടിയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് (11’ പെനാൽറ്റി, 59’) ഇരട്ട ഗോൾ നേടിയപ്പോൾ പെപ്ര വകയായിരുന്നു (38’) മറ്റൊരു ഗോൾ. മറുവശത്തായി സന്ദർശകർക്ക് വേണ്ടി ജോർദാൻ മുറെ (13’ പെനാൽറ്റി, 24’) ഇരട്ട ഗോൾ നേടി. ആദ്യ മിനിറ്റിൽ റഹീം അലിയായിരുന്നു അക്കൗണ്ട് തുറന്നത്. സമനിലയോടെ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി.
കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൻ എഫ്സി ലീഡ് എടുത്തു. മത്സരാവേശത്തിലേക്ക് കടക്കുന്നതിന് മുന്പേ തന്നെയുണ്ടായ തിരിച്ചടി ആരാധകരെയും ഞെട്ടിച്ചു. 55-ാം സെക്കൻഡിലാണ് ചെന്നൈയിൻ ഗോൾ നേടിയത്. മൈതാനമധ്യത്തിൽനിന്ന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിൽ അപകടംവിതയ്ക്കുകയായിരുന്നു. താഴ്ന്നുവന്ന പന്ത് സ്വീകരിച്ച മുന്നേറ്റനിരതാരം റഹീം അലി ബ്ലാസ്റ്റേഴ്സ് വല കുലുക്കുകയായിരുന്നു.
ആദ്യ പ്രഹരത്തിന് മറുപടി നൽകാനുള്ള ബ്ലാസ്റ്റേഴ്്സിന്റെ ശ്രമം 11-ാം മിനിറ്റിൽ ഫലം കണ്ടു. പെപ്ര പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസ് ചെന്നൈയിന്റെ ഗോൾവല കുലുക്കി.
13-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. പോസ്റ്റിന് തൊട്ടുവെളിയിൽ നിന്ന് പന്ത് തട്ടി മാറ്റുന്നതിൽ പ്രതിരോധനിരതാരം മിലോസിന് പിഴച്ചു. ഓടിയെത്തിയ നവോച്ച സിംഗിന്റെ കിക്ക് പക്ഷേ ഉന്നംതെറ്റി കൊണ്ടത് ചെന്നൈയിൻ താരത്തിന്റെ കാലിൽ. റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ജോർദാൻ മുറെ കൃത്യമായി വലയിലെത്തുക്കുകകൂടി ചെയ്തതോടെ ചെന്നൈയിൻ ഒരു ഗോളിന് മുന്നിൽ.
സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെ തകർത്തുകൊണ്ട് ജോർദാൻ മുറെയുടെ വക വീണ്ടും ഗോൾ നേട്ടം. ചെന്നൈയിന് മൂന്നാം ഗോൾ. ചെന്നൈയിനു രണ്ടു ഗോൾ ലീഡ്. ലീഡ് കുറച്ചുകൊണ്ട് 38-ാം മിനിറ്റിൽ ബോക്്സിലേയ്ക്ക് ലൂണ നൽകിയ പന്ത് സ്വീകരിച്ച പെപ്രയുടെ ഇടംകാലൻ ഷോട്ട് ചെന്നൈയിൻ ഗോളിയെ മറികടന്ന് വലകുലുക്കി. എട്ടാം മത്സരം കളിച്ച പെപ്രയുടെ ലീഗിലെ കന്നി ഗോളിന് കൂടിയാണ് മൈതാനം സാക്ഷ്യം വഹിച്ചത്.
കളിയുടെ രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. 46-ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. ജോർദാൻ മുറെ ബോക്സിന് പുറത്തുനിന്നും തൊടുത്ത ഷോട്ട് ഉയർന്ന് വലയ്ക്ക് മുകളിലൂടെ കടന്നു പോയി.
47-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനും അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 59-ാം മിനിറ്റിൽ ആരാധകരെ വീണ്ടും ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. ഡാനിഷ് ഫറൂഖിന്റെ സഹായത്തോടെ ദിമിത്രിയോസ് ബോക്സിന് പുറത്തു നിന്നും തൊടുത്ത ഷോട്ട് വലയുടെ വലതു കോർണറിൽ പതിച്ചതോടെ മത്സരം സമനിലയിലെത്തി.