വന്പന്മാർ മുന്നോട്ട്
Thursday, November 30, 2023 1:14 AM IST
മാഞ്ചസ്റ്റർ/ ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, ബൊറൂസിയ ഡോർട്മുണ്ട്, അത്ലറ്റിക്കോ മാഡ്രിഡ്, ലാസിയോ ടീമുകൾ ജയത്തോടെ മുന്നോട്ട്.
പിന്നിൽനിന്നു സിറ്റി
രണ്ടു ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടിച്ച്, നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിലെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ജിയിൽ സിറ്റി 3-2ന് ലൈപ്സിഗിനെ തോൽപ്പിച്ചു. 87-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളാണു സിറ്റിക്കു വിജയം സമ്മാനിച്ചത്. 15 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്താണ്. ഒന്പതു പോയിന്റുമായി ലൈപ്സിഗും പ്രീക്വാർട്ടറിലെത്തി.
സിറ്റിയുടെ പ്രതിരോധ പിഴവിൽനിന്നു ലൂയിസ് ഒപ്പൻഡയുടെ ഇരട്ടഗോൾ (13’, 33’) ലൈപ്സിഗിനെ മുന്നിലെത്തിച്ചു. സിറ്റിക്ക് അക്കൗണ്ട് തുറക്കാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടിവന്നു. 54-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് സിറ്റിയുടെ തിരിച്ചടിക്കു തുടക്കമിട്ടു. ഈ ഗോളോടെ ചാന്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 40 ഗോൾ (35 കളിയിൽ) നേടുന്ന കളിക്കാരനെന്ന റിക്കാർഡ് ഹാലണ്ട് സ്വന്തമാക്കി.
റൂഡ് വാൻ നിസ്റ്റൽറൂയിയെയാണു മറികടന്നത്. 40 ഗോൾ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന കിലിയൻ എംബാപ്പെയുടെ റിക്കാർഡും 23കാരനായ താരം തിരുത്തി. 70-ാം മിനിറ്റിൽ ഫിൽ ഫോഡനും വലകുലുക്കി ഒപ്പമെത്തിച്ചു. സമനിലയെന്നു കരുതിയിരിക്കേ അൽവാരസിന്റെ ഗോളെത്തിയതോടെ സിറ്റി ജയം ഉറപ്പിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യംഗ് ബോയിസ് 2-0ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ചു.
ജയത്തോടെ ബാഴ്സ
ജോവോ കാൻസലോയും ജോവോ ഫെലിക്സും രണ്ടു പകുതികളിലായി നേടിയ ഗോളുകളിൽ പിന്നിൽ നിന്ന ബാഴ്സലോണ 2-1ന് എഫ്സി പോർട്ടോയെ പരാജയപ്പെടുത്തി. കഴിഞ്ഞ രണ്ടു സീസണുകൾക്കുശേഷം ആദ്യമായാണ് ബാഴ്സലോണ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെത്തുന്നത്. ഗ്രൂപ്പ് എച്ചിൽ ഇനി ഒരു മത്സരംകൂടി ശേഷിക്കേ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ ബാഴ്സയ്ക്കായി.
12 പോയിന്റാണു ബാഴ്സയ്ക്ക് ഒന്പത് പോയിന്റ് വീതമുള്ള പോർട്ടോയും ഷാക്തർ ഡൊണറ്റ്സ്കുമാണ് അടുത്ത സ്ഥാനങ്ങളിൽ. ഇതുവരെ ഒരു ജയം പോലും നേടാത്ത ആന്റ്വെർപ്പിനെതിരേയാണ് ബാഴ്സയുടെ അടുത്ത മത്സരം. ജയമോ സമനിലയോ ലഭിച്ചാൽ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്താം.
30-ാം മിനിറ്റിൽ പെപെ നേടിയ ഗോളിൽ പോർട്ടോ മുന്നിലെത്തി. രണ്ടു മിനിറ്റിനുശേഷം കാൻസലോയിലൂടെ തിരിച്ചടിച്ച് സമനില കണ്ടെത്തി. 57-ാം മിനിറ്റിൽ ഫെലിക്സ് ബാഴസയുടെ ജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ഷാക്തർ 1-0ന് ആന്റ്വെർപ്പിനെ തോൽപ്പിച്ചു. ഷാക്തർ-പോർട്ടോ മത്സരത്തിലെ വിജയികൾക്ക് പ്രീക്വാർട്ടറിലെത്താം.
എംബാപ്പെ രക്ഷിച്ചു
ഫൈനൽ വിസിലിനോട് അടുക്കാറായപ്പോൾ കിലിയൻ എംബാപ്പെ പെനാൽറ്റി കിക്ക് വലയിലാക്കി പിഎസ്ജിയെ ന്യൂകാസിൽ യുണൈറ്റഡിനോടു രണ്ടാം തോൽവിയിൽനിന്നു രക്ഷിച്ചു. ഗ്രൂപ്പ് എഫിൽ പിഎസ്ജി-ന്യൂകാസിൽ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. സമനിലയായതോടെ പിഎസ്ജിക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം.
ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പിഎസ്ജി. 24-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിലൂടെ ന്യൂകാസിൽ മുന്നിലെത്തിയതാണ്. 90+8ാം മിനിറ്റിലാണ് എംബാപ്പെ സമനില ഗോൾ നേടിയത്. ഡോർട്മുണ്ടിനെതിരേയാണു പിഎസ്ജിയുടെ അടുത്ത മത്സരം.
ഗ്രൂപ്പിൽനിന്ന് ജയത്തോടെ ബൊറൂസിയ ഡോർട്മുണ്ട് പ്രീക്വാർട്ടറിലെത്തി. എസി മിലാനെ അവരുടെ സാൻ സിറോ സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളിനാണു ഡോർട്മുണ്ട് കീഴടക്കിയത്. 10 പോയിന്റാണു ഡോർട്മുണ്ടിന്.
ഗ്രൂപ്പ് ഇയിൽനിന്ന് അത്ലറ്റിക്കോ മാഡ്രിഡും ലാസിയോയും പ്രീക്വാർട്ടറിലെത്തി. അത്ലറ്റിക്കോ 3-1ന് ഫെയനൂർദ് റോട്ടർഡാമിനെയും ലാസിയോ 2-0ന് സെൽറ്റിക്കിനെയും പരാജയപ്പെടുത്തി.