ഫിഫ അണ്ടർ 17 ലോകകകപ്പ്: ജർമനി x ഫ്രാൻസ് ഫൈനൽ
Wednesday, November 29, 2023 12:56 AM IST
ജക്കാർത്ത: ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനി-ഫ്രാൻസ് പോരാട്ടം. ഇന്നലെ നടന്ന ആവേശകരമായ ആദ്യ സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ അർജന്റീനയെ തകർത്താണു ജർമനി ഫൈനലിലെത്തിയത്. ഷൂട്ടൗട്ടിൽ 4-2നാണു ജർമനിയുടെ ജയം.
രണ്ടാം സെമിയിൽ ഫ്രാൻസ് 2-1നു മാലിയെ തോൽപ്പിച്ചു. ശനിയാഴ്ച ഇന്ത്യൻ സമയം 5.30നാണ് ഫൈനൽ.
ജർമനി-അർജന്റീന മത്സരത്തിന്റെ മുഴുവൻ സമയത്ത് ഇരുടീമും 3-3ന്റെ സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. അടിക്കു തിരിച്ചടി നിറഞ്ഞതായിരുന്നു മുഴുവൻ സമയത്തെ പോരാട്ടം. ജർമനിക്കായി പാരിസ് ബ്രണർ (9’, 58’) ഇരട്ടഗോൾ നേടി. മാക്സ് മോറസ്റ്റഡറ്റ് (69’) ഒരു ഗോൾ സ്വന്തമാക്കി. അർജന്റീനയുടെ മൂന്നു ഗോളും അഗസ്റ്റിൻ റൂബർട്ടോയുടെ (36’, 45+4, 90+7) വകയായിരുന്നു.
രണ്ടാം സെമിയിൽ ഇബ്രാഹിം ഡയറയിലൂടെ (45+4) മാലി മുന്നിലെത്തി. 55-ാം മിനിറ്റിൽ സൗലേമൻ സനോഗോ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് മാലിക്ക് തിരിച്ചടിയായി. പത്തുപേരുമായി കളി തുടർന്ന മാലിയുടെ വലയിൽ തൊട്ടടുത്ത മിനിറ്റിൽ യവാൻ ടിറ്റി പന്തെത്തിച്ചു. 69-ാം മിനിറ്റിൽ ഇസ്മയിൽ ബൗനേബ് ഫ്രാൻസിന്റെ വിജയഗോളും നേടി.