മാജിക്കൽ ഗോളുമായി ഗർനാച്ചോ
Tuesday, November 28, 2023 12:46 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അദ്ഭുതഗോൾ നേടി അർജന്റൈൻ യുവതാരം അലെജാൻഡ്രോ ഗാർനാച്ചോ. എവർട്ടണിനെതിരെയായിരുന്നു ഗർനാച്ചോയുടെ അവിശ്വസനീയമായ ഗോൾ പിറന്നത്. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു യുണൈറ്റഡ് ജയിച്ചത്.
മത്സരം തുടങ്ങി മൂന്നു മിനിറ്റുകൾക്കുള്ളിൽ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഗോൾ നേടുകയായിരുന്നു ഗർനാച്ചോ. വലതുവിംഗിൽനിന്നുള്ള ക്രോസിൽ പെനാൽറ്റി ബോക്സിൽ നിന്ന് ഒരു തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെയാണ് ഗോൾ നേടിയത്.
ഗോളിനു പിന്നാലെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സൂയ്’ സെലിബ്രേഷനും താരം നടത്തിയത് ഏറെ ശ്രദ്ധേയമായി.
റൊണാൾഡോ യുവന്റസിൽ കളിക്കുന്പോൾ ഇതിനു സമാനമായ ഗോൾ നേടിയിട്ടുണ്ട്. 2011ൽ മാഞ്ചസ്റ്റർ ഡെർബിയിൽ മുൻ ഇംഗ്ലണ്ട് താരം വെയ്ൻ റൂണി മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ഇതുപോലെ ബൈസിക്കിൾ ഗോൾ നേടി. ഈ ഇതിഹാസങ്ങൾ നേടിയ ഗോളിനു സമാനമായിരുന്നു ഈ പത്തൊന്പതുകാരന്റെ തകർപ്പൻ ഗോൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൂണിയുടെ പേരിലുണ്ടായിരുന്ന റിക്കാർഡും ഗാർനാച്ചോ മറികടന്നു. 19 വയസുള്ളപ്പോൾ ഗൂഡിസണ്‍ പാർക്കിൽ എവർട്ടണിനെതിരേ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമെന്ന നേട്ടമാണ് ഗർനാച്ചോ സ്വന്തമാക്കിയത്.
എവർട്ടണിന്റെ തട്ടകമായ ഗൂഡിസണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ ഗാർനാച്ചോക്ക് പുറമേ
56-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു മാർക്കസ് റാഷ്ഫോഡ് യുണൈറ്റഡിനായി രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ 75-ാം മിനിറ്റിൽ ആന്റണി മാർഷ്യൽ മൂന്നാം ഗോളും നേടിയതോടെ യുണൈറ്റഡ് 3-0 ത്തിന്റെ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ 13 മത്സരങ്ങളിൽനിന്ന് 24 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.
ടോട്ടൻഹാമിനു ഹാട്രിക് തോൽവി
ടോട്ടൻഹാമിന് തുടർച്ചയായ മൂന്നാം തോൽവി. സ്വന്തം കളത്തിൽ ടോട്ടൻഹാം ഒന്നിനെതിരേ രണ്ടു ഗോളിന് ആസ്റ്റണ്‍ വില്ലയോടു തോറ്റു. ജയത്തോടെ ആസ്റ്റണ്‍ വില്ല ടോട്ടൻഹാമിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. വില്ലയ്ക്ക് 28 പോയിന്റും ടോട്ടൻഹാമിന് 26 പോയിന്റുമാണ്. ജിയോവനി ലോ സെൽസോ 22-ാം മിനിറ്റിൽ ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു. 45+7-ാം മിനിറ്റിൽ പൗ ടോറസ് വില്ലയ്ക്കു സമനില നൽകി. ഒലി വാട്കിൻസ് (61’) വിജയഗോൾ കുറിച്ചു.