മെഡൽ ട്രാക്കിൽ ; അത്ലറ്റിക്സിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ
Monday, October 2, 2023 1:18 AM IST
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ ട്രാക്കിൽ. ഗെയിംസിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിലൂടെ ഇന്ത്യ ഇന്നലെ രണ്ടു സ്വർണം, നാലു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ ഒന്‍പത് മെഡൽ സ്വന്തമാക്കി. ഇതോടെ ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം അർധസെഞ്ചുറി കടന്നു.
റിക്കാർഡ് സാബ്ലെ
പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെയുടെ റിക്കാർഡ് സ്വർണത്തോടെയാണ് ഇന്ത്യ ഇന്നലെ അത്ലറ്റിക്സ് മെഡൽ കൊയ്ത്ത് ആരംഭിച്ചത്. 8:19.50 സെക്കൻഡിൽ അവിനാഷ് ഫിനിഷിംഗ് ലൈൻ കടന്നു. 2018ൽ ഇറാന്റെ ഹൊസീൻ കെയ്ഹാനി കുറിച്ച 8:22.79 സെക്കൻഡ് എന്ന ഏഷ്യൻ ഗെയിംസ് റിക്കാർഡ് അതോടെ പഴങ്കഥയായി. സാബ്ലെയ്ക്കു പിന്നിലായി ജാപ്പനീസ് താരങ്ങളായ റെയ്മ ഓകി (8:23.75), സീയ സുനാഡ (8:26.47) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വീണ്ടും തജീന്ദർ
ഏഷ്യൻ ഗെയിംസിൽ പുരുഷ ഷോട്ട്പുട്ടിൽ നിലവിലെ ചാന്പ്യനായ ഇന്ത്യയുടെ തജീന്ദർപാൽ സിംഗ് തോർ ഹാങ്ഝൗവിലും സുവർണനേട്ടം സ്വന്തമാക്കി. 20.36 മീറ്ററാണ് തജീന്ദർ ഷോട്ട് പായിച്ചത്. ഏഷ്യൻ ഗെയിംസ് റിക്കാർഡും (20.75), ഏഷ്യൻ റെക്കോഡും (21.77) തജീന്ദറിന്റെ പേരിലാണ്. സൗദി അറേബ്യയുടെ മുഹമ്മദ് ദൗദ (20.18) വെള്ളിയും ചൈനയുടെ ലിയു യാങ് (19.97) വെങ്കലവും സ്വന്തമാക്കി.
ശ്രീശങ്കറിന്റെ കന്നി മെഡൽ
മലയാളി ലോംഗ്ജംപർ മുരളി ശ്രീശങ്കർ ഏഷ്യൻ ഗെയിംസിൽ കന്നി മെഡൽ സ്വന്തമാക്കി. കോമണ്‍വെൽത്ത് ഗെയിംസ്, ഏഷ്യൻ ചാന്പ്യൻഷിപ് മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ശ്രീശങ്കർ 8.19 മീറ്റർ ക്ലിയർ ചെയ്താണ് ഹാങ്ഝൗവിൽ വെള്ളിയണിഞ്ഞത്. മൂന്നാം ശ്രമത്തിലായിരുന്നു ശ്രീശങ്കർ ഈ ദൂരം ക്ലിയർ ചെയ്തത്. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ആദ്യ ശ്രമത്തിൽ 8.22 മീറ്റർ താണ്ടിയ ചൈനയുടെ വാങ് ജിയാനൻ സ്വർണം സ്വന്തമാക്കി. ഇന്ത്യയുടെ മറ്റൊരു താരമായ ജെസ്വിൻ ആൾഡ്രിൻ ജോണ്‍സണിന് (7.76) എട്ടാമത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
ജിൻസണ് മെഡൽ
പുരുഷ-വനിതാ 1500 മീറ്ററിൽ ഇന്ത്യക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡൽ. പുരുഷ 1500 മീറ്ററിൽ ഇന്ത്യയുടെ അജയ് കുമാർ സരോജും (3:38.94) മലയാളി താരം ജിൻസണ് ജോണ്‍സണും (3:39.74) വെള്ളിയും വെങ്കലവും സ്വന്തമാക്കി. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ജിൻസണ് ജോണ്സണ് സ്വർണം സ്വന്തമാക്കിയിരുന്നു. ഖത്തറിന്റെ മുഹമ്മദ് അൽ ഗാർനിക്കാണ് (3:38.36) ഹാങ്ഝൗവിൽ സ്വർണം.
വനിതാ 1500 മീറ്ററിൽ ഇന്ത്യക്കായി ഹമിലൻ ബയ്നെസ് വെള്ളി നേടി. 4:12.74 സെക്കൻഡിൽ ഹമിലൻ ഫിനിഷിംഗ് ലൈൻ കടന്നു. ബെഹറിന്റെ വിൻഫ്രെഡ് മുതിലേവിക്കാണ് (4:11.65) സ്വർണം.
സീമ, നന്ദിനി
വനിതാ ഡിസ്കസ് ത്രോ, ഹെപ്റ്റാത്തലണ്‍ എന്നിവയിലൂടെ ഇന്നലെ ഇന്ത്യൻ അക്കൗണ്ടിലേക്ക് രണ്ടു വെങ്കലമെത്തി. ഹെപ്റ്റാത്തലണിൽ അഗ്സര നന്ദിനിയിലൂടെയാണ് ഇന്ത്യ വെങ്കലമണിഞ്ഞത്. സീസണിൽ തന്റെ മികച്ച ദൂരം കണ്ടെത്തിയായിരുന്നു സീമ പൂനിയ ഡിസ്കസ് ത്രോയിൽ വെങ്കലം സ്വന്തമാക്കിയത്. നാലാം ശ്രമത്തിൽ 58.62 മീറ്റർ സീമ ഡിസ്കസ് പായിച്ച് മെഡലിന് അർഹയായി. ഗെയിംസ് റിക്കാർഡോടെ ചൈനയുടെ ഫെങ് ബിൻ (67.93) സ്വർണം നേടി.