ലൂണ ബ്ലാസ്റ്റ് ; ബ്ലാസ്റ്റേഴ്സിനു രണ്ടാം ജയം
വി.ആർ. ശ്രീജിത്ത്
Monday, October 2, 2023 1:18 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. നായകൻ അഡ്രിയാൻ ലൂണ 74ാം മിനിറ്റിൽ നേടിയ ഏകഗോളിൽ 10ന് ജംഷഡ്പുരിനെ ബ്ലാസ്റ്റേഴ്സ് കീഴടക്കി.
തുടർച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എത്തി. ബംഗളൂരു എഫ്സിക്കെതിരേ ജയം നേടിയ ടീമിൽനിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവൻ ഇറങ്ങിയത്. പരിക്ക് മാറി തിരികെയെത്തിയ സ്്ടെെ്രക്കർ ദിമിത്രിയോസ് ഡയമാന്റ കോസ് പകരക്കാരനായി ഇടംപിടിച്ചു.
ബ്ലാസ്റ്റേഴ്സ് ആക്രമണത്തോടെ തുടങ്ങിയ മത്സരത്തിൽ പലതവണ ജംഷഡ്പുർ പ്രതിരോധനിര പരീക്ഷിക്കപ്പെട്ടു. ബോക്സു ടു ബോക്സ് ശൈലിയിലാണ് കളി പുരോഗമിച്ചത്. ഒന്പതാം മിനിട്ടിൽ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യമായി ജംഷഡ്പുർ ബോക്സിലേയ്ക്ക് ഉന്നംവച്ചു. നേരിയ മാർജിനിൽ ബോൾ വലയിലുരുമി പുറത്തേയ്ക്ക്. ഇതിനിടയിൽ ജംഷഡ്പുരിന് തിരിച്ചടിയായി 13ാം മിനിറ്റിൽ മധ്യനിരതാരം ഇമ്രാൻ ഖാന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നു. കളി മധ്യനിരയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടു. കാര്യമായ ഗോൾനീക്കങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടായില്ല. 39ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിനടുത്തെത്തി. ബോക്സിന്റെ വലത് ഭാഗത്തുനിന്ന് പ്രഭീർദാസിന്റെ കിടിലൻ ക്രോസെത്തി. പന്തെടക്കാനുള്ള മുഹമ്മദ് അയ്മെന്റെ ശ്രമം വിഫലമായി. പക്ഷേ പിന്നിൽ നിന്ന ലൂണ പന്ത് കാലിൽകൊരുത്തു. വലയുടെ വലതു മൂല ലക്ഷ്യമാക്കി ലൂണ തൊടുത്ത പന്ത് നേരിയ വ്യത്യാസത്തിൽ പുറത്തായി. ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞു.
60ാം മിനിട്ടിൽ മഞ്ഞപ്പടയ്ക്ക് ആവേശമായി ദിമിത്രിയോസ് ഡയമാന്റ കോസ് മൈതാനത്തേക്ക് എത്തി. 74ാം മിനിറ്റിൽ തകർപ്പൻ ആക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഗ്രഹം സഫലമാക്കി. ബോക്സിലേക്ക് ഡൈസുകെ സക്കായി നീട്ടി നൽകിയ പന്ത് സ്വീകരിച്ച ലൂണ ദിമിത്രിയോസിന് കൈമാറി, ദിമിത്രി ലൂണയ്ക്ക് ബോൾ മറിച്ച് നൽകി. ഒരുനിമിഷം പോലും പാഴാക്കാതെ ലൂണ പന്ത് ജംഷഡ്പുർ വലക്കകത്താക്കി. സീസണിൽ ലൂണയുടെ രണ്ടാം ഗോൾ.