ഉന്നം ഉജ്വലം...
Monday, October 2, 2023 1:18 AM IST
ഹാങ്ഝൗ: പുരുഷ ട്രാപ്പ് ഷൂട്ടിംഗിൽ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് റിക്കാർഡോടെ സ്വർണം. കൈനാൻ ദരിയുഷ് ചെനായ്, സരാവർ സിംഗ് സന്ധു, പൃഥ്വിരാജ് തുൻഡൈമാൻ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് 361 പോയിന്റുമായി ഗെയിംസ് റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടത്. 1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ കുവൈറ്റ് കുറിച്ച 357 പോയിന്റ് എന്ന റിക്കാർഡ് ഇന്ത്യൻ സംഘം വെടിവച്ചു തകർത്തു.
ട്രാപ്പിൽ വെള്ളി, വെങ്കലം
ഇന്ത്യ വനിതാ വിഭാഗം ട്രാപ്പിൽ വെള്ളി സ്വന്തമാക്കി. രാജേശ്വരി കുമാരി, മനീഷ കീർ, പ്രീതി രാജക് എന്നിവടങ്ങിയ ടീമാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. പുരുഷ ട്രാപ്പ് സിംഗിളിൽ കൈനാൻ ചെനായ് വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ ഷൂട്ടിംഗ് പോരാട്ടം അവസാനിപ്പിച്ചു. ഏഴു സ്വർണം, ഒന്പതു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 22 മെഡലാണ് ഇന്ത്യ നേടിയത്.