ഇന്ത്യൻ സ്ക്വാഷ്
Sunday, October 1, 2023 1:33 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം തുടർന്ന് ഇന്ത്യ. രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുൾപ്പെടെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഇന്നലെ ഹാങ്ഝൗവിൽ നേടിയത്. 10 സ്വർണവും 14 വെള്ളിയും 14 വെങ്കലവുമടക്കം 38 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു.
സ്ക്വാഷ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ പുരുഷ ടീമും ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യവുമാണ് ഇന്നലെ ഇന്ത്യയുടെ സുവർണനേട്ടക്കാർ. സൗരവ് ഘോഷാൽ, മഹേഷ് മങ്കോങ്കർ, അഭയ് സിംഗ്, ഹരീന്ദർ പാൽ സന്ധു എന്നിവരടങ്ങിയതാണ് ഇന്ത്യൻ ടീം. ഏഷ്യൻ ഗെയിംസിൽ പുരുഷ സ്ക്വാഷ് ഇനത്തിൽ ഒന്പതു വർഷത്തിനു ശേഷമാണ് ഇന്ത്യ സ്വർണം നേടുന്നത്.
മിക്സഡ് ഡബിൾസ് ഫൈനലിൽ ബൊപ്പണ്ണ-റുതുജ കൂട്ടുകെട്ട് തായ്പേയ് സഖ്യത്തെ വീഴ്ത്തി. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിംഗ്, ടി.എസ്. ദിവ്യ സഖ്യം വെള്ളി നേടി. ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യയുടെ 19-ാം മെഡൽ. 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ കാർത്തിക് കുമാർ വെള്ളിയും ഗുൽവീർ സിംഗ് വെങ്കലവും പേരിലാക്കി.
ബോക്സിംഗിൽ ഇന്ത്യ ഇന്നലെ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. വനിതകളുടെ 54 കിലോ വിഭാഗത്തിൽ പ്രീതി പൻവർ, 75 കിലോ വിഭാഗത്തിൽ ലൊവ്ലിന ബൊർഗൊഹെയ്ൻ, പുരുഷൻമാരുടെ 92 കിലോ വിഭാഗത്തിൽ നരേന്ദർ ബർവാൾ എന്നിവരാണ് ഇടിക്കൂട്ടിൽ സെമിയിലെത്തി മെഡൽ ഉറപ്പാക്കിയത്.
ബാഡ്മിന്റണ് പുരുഷ വിഭാഗം ഫൈനലിലെത്തിയ ഇന്ത്യൻ ടീം സ്വർണത്തിനായി മത്സരിക്കും. വനിതാ വിഭാഗം ടേബിൾ ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചിട്ടുണ്ട്.