രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്
Sunday, October 1, 2023 12:43 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യമത്സരത്തില്‍ ബംഗളൂരുവിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ടു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങുന്നു.
സ്വന്തം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ജംഷഡ്പുര്‍ എഫ്സിയാണ് എതിരാളികള്‍. മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്താണു നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആദ്യമത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോടു സമനിലയില്‍ കുരുങ്ങി ജംഷഡ്പുര്‍ എഫ്സി ഏഴാം സ്ഥാനത്തും.
പരിക്കു മാറി പരിശീലനം പുനരാരംഭിച്ച ദിമിത്രിയോസ് ഡയമന്റകോസ് തിരിച്ചെത്തിയാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകാനാണു സാധ്യത. കഴിഞ്ഞ കളിയില്‍ മുന്നേറ്റനിരയില്‍ അണിനിരന്ന ക്വാമേ പെപ്രയും ജാപ്പനീസ്താരം ഡയസൂക് സക്കായിയും ആദ്യഇലവനില്‍ ഇറങ്ങിയേക്കും.
ഇതുവരെ 14 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. പകുതി മത്സരങ്ങളും സമനിലയിലായി. നാലു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ മൂന്നെണ്ണം ജംഷഡ്പുരും വിജയിച്ചു.