കണ്ണ് പൊന്നിൽ
Friday, September 29, 2023 12:47 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ടെന്നീസിൽ രണ്ടു മെഡൽ ഉറപ്പാക്കി ഇന്ത്യ. പുരുഷവിഭാഗം ഡബിൾസ് ഫൈനലിൽ കടന്ന സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സഖ്യവും മിക്സഡ് ഡബിൾസ് സെമിയിൽ കടന്ന രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യവുമാണ് മെഡലുറപ്പിച്ചത്.
കൊറിയയുടെ സോങ്ചാൻ ഹോങ്-സൂൻവൂ വോണ്‍ സഖ്യത്തെയാണു സാകേത് രാംകുമാർ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 6-7(6), 10-0. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ജേസണ്‍ ജുങ്-സിയോ സഖ്യമാണ് ഇവരുടെ എതിരാളികൾ. ഇന്ന് രാവിലെ 7.30നാണു ഫൈനൽ.
ഖസാക്കിസ്ഥാന്റെ ഷിബെക് കുലംബയേവ-ഗ്രിഗറി ലൊമാകിൻ സഖ്യത്തെ കീഴടക്കിയാണ് ബൊപ്പണ്ണ-റുതുജ സഖ്യം സെമിയിൽ കടന്നത്. സ്കോർ: 7-5, 6-3. നാൽപ്പത്തിമൂന്നുകാരനായ ബൊപ്പണ്ണയുടെ അവസാന രാജ്യാന്തര ടൂർണമെന്റാണിത്.