ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യക്കു വിജയാരംഭം
Friday, September 29, 2023 12:47 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യക്കു വിജയത്തുടക്കം. ടീം ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഫൈനലിൽ കടന്നു. മംഗോളിയയെ 3-0 എന്ന സ്കോറിനു കീഴടക്കിയാണ് ഇന്ത്യൻ മുന്നേറ്റം.
ആദ്യ സിംഗിൾസ് മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധു, മ്യാഗ്മാർസരൻ ഗണ്ബത്താറിനെ 21-3, 21-3 എന്ന സ്കോറിനു പരാജയപ്പെടുത്തി.
രണ്ടാം മത്സരത്തിൽ അഷ്മിത ചാലിയ 21-2, 21-3 എന്ന സ്കോറിനു ഖെർലൻ ദർക്കൻബത്താറിനെ കീഴടക്കി. മൂന്നാം മത്സരത്തിൽ അനുപമ ഉപാധ്യായ കുലാംഗൂ ബത്താറിനെയും പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ വിജയം പൂർണം.
21-0, 21-2 എന്ന സ്കോറിനായിരുന്നു അനുപമയുടെ വിജയം. കരുത്തരായ തായ്ലൻഡാണു ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.