നേപ്പാളിയല്ല, വില്ലാളി...!
Thursday, September 28, 2023 2:23 AM IST
ഹാങ്ഝൗ: ലോകക്രിക്കറ്റിലെ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് നേപ്പാൾ. ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി, അതിവേഗ അർധസെഞ്ചുറി, ഉയർന്ന സ്കോർ എന്നീ റിക്കാർഡുകളെല്ലാം മംഗോളിയയ്ക്കെതിരായ ഏഷ്യൻ ഗെയിംസ് മത്സരത്തിൽ നേപ്പാൾ തകർത്തെറിഞ്ഞു.
ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റണ്‍സ്. മറുപടി ബാറ്റിംഗിൽ മംഗോളിയ 13.1 ഓവറിൽ 41 റണ്‍സിനു പുറത്തായി. ഒരാൾ മാത്രമാണു മംഗോളിയൻ നിരയിൽ രണ്ടക്കം കടന്നത്. നേപ്പാളിന്റെ വിജയം 273 റണ്‍സിന്.
കുശാൽ മല്ല- ദീപേന്ദ്ര സിംഗ് എയ്രി കൂട്ടുകെട്ടാണ് നേപ്പാളിനെ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിലെത്തിച്ചത്. 50 പന്ത് നേരിട്ട പത്തൊന്പതുകാരൻ മല്ല 12 സിക്സും എട്ട് ഫോറും ഉൾപ്പെടെ 137 റണ്‍സ് നേടി. 34 പന്തിൽനിന്നു സെഞ്ചുറിനേട്ടം പൂർത്തിയാക്കിയ മല്ല, ട്വന്റി-20യിലെ വേഗമേറിയ സെഞ്ചുറിയെന്ന റിക്കാർഡും പേരിലാക്കി. ഇന്ത്യൻ നായകൻ രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, ചെക്ക് റിപ്പബ്ലിക്കിന്റെ വിക്രമശേഖര എന്നിവരുടെ 35 പന്തിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി.
ദീപേന്ദ്ര സിംഗ് എയ്രി ഒന്‍പതു പന്തുകളിൽനിന്ന് അർധസെഞ്ചുറി (10 പന്തിൽ പുറത്താകാതെ 52) നേടി. 2007ലെ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ 12 പന്തിൽ അർധ സെഞ്ചറി നേടിയ യുവരാജ് സിംഗിന്റെ നേട്ടം ഇതോടെ പഴങ്കഥയായി. 19-ാം ഓവറിൽ ദീപേന്ദ്ര തുടർച്ചയായി അഞ്ചു സിക്സുകൾ നേടിയിരുന്നു. നേപ്പാൾ നായകൻ രോഹിത് പൗഡൽ 27 പന്തിൽ 61 റണ്‍സ് അടിച്ചു.
ട്വന്റി20 ക്രിക്കറ്റിൽ 300 റണ്‍സ് സ്കോർ ചെയ്യുന്ന ആദ്യ ടീമായും നേപ്പാൾ മാറി. അഫ്ഗാനിസ്ഥാൻ 2019ൽ അയർലൻഡിനെതിരേ കുറിച്ച 278/3 റണ്‍സായിരുന്നു ട്വന്റി-20യിലെ ഇതുവരെയുള്ള ഉയർന്ന സ്കോർ.
റിക്കാർഡുകൾ
• അതിവേഗ സെഞ്ചുറി (34), അതിവേഗ അർധസെഞ്ചുറി (9)
• ഉയർന്ന സ്കോർ (314/3)
• 300 റണ്‍സ് സ്കോർ ചെയ്യുന്ന ആദ്യ ടീം
• റണ്‍സ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം
• ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ്, 26
• ഒരിന്നിംഗ്സിലെ ഉയർന്ന സ്ട്രൈക്ക് റേറ്റ്, 520.00 (ദീപേന്ദ്ര എയ്രി)
• ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്, 193 റണ്‍സ്