തൂത്തുവാരാൻ... ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരന്പരയിലെ അവസാന മത്സരം ഇന്ന്
Wednesday, September 27, 2023 1:49 AM IST
രാജ്കോട്ട്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരം ഇന്ന് രാജ്കോട്ടിൽ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരന്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരം അപ്രധാനമാണ്.
എന്നാൽ, ലോകകപ്പിനു മുന്‍പുള്ള അവസാന ഡ്രെസ് റിഹേഴ്സലെന്ന നിലയിൽ ഇരുടീമുകൾക്കും മത്സരം പ്രധാനപ്പെട്ടതുമാണ്. ഇന്നു ജയിച്ചാൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്കെതിരായ ഒരു ഏകദിന പരന്പര ഇന്ത്യക്കു തൂത്തുവാരാം. അഞ്ചു മത്സരങ്ങളുടെ തോൽവിത്തുടർച്ച അവസാനിപ്പിക്കാനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.
രോഹിത്, കോഹ്ലി
ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, കുൽദീപ് യാദവ് എന്നിവർ ഇന്ന് ടീമിൽ തിരിച്ചെത്തും. ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഷാർദുൾ ഠാക്കുർ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ രോഹിത് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഷമിക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും പകരം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലെത്തും.
അതേസമയം, നായകൻ പാറ്റ് കമ്മിൻസ് കൂടി തിരിച്ചെത്തുന്നതോടെ സന്പൂർണശേഷിയിലാകും ഓസ്ട്രേലിയ ഇറങ്ങുക. ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കാതിരുന്ന മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്സ്വെല്ലും ഇന്നിറങ്ങും. ബൗളിംഗാണ് ഓസീസിന്റെ ആശങ്ക. അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും ഓസീസ് ബൗളിംഗ് വലിയ സ്കോറുകൾ വഴങ്ങി (338, 416, 315, 399). ഡെത്ത് ഓവറുകളിൽ റണ്‍ വഴങ്ങുന്നതും ഓസീസിന്റെ തലവേദനയാണ്.
റണ്ണൊഴുകും
റണ്ണൊഴുകുന്നതാണ് രാജ്കോട്ടിലെ പിച്ച്. ഇവിടെ കളിച്ച മൂന്ന് ഏകദിനങ്ങളിലായി ടീമുകൾ നാലു വട്ടം 300നുമേൽ സ്കോർ ചെയ്തു. 2020ലാണ് ഇന്ത്യ ഇതിനു മുന്‍പ് ഇവിടെ കളിച്ചത്. അന്ന്, ഓസ്ട്രേലിയയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 340 റണ്‍സ് നേടി. ഓസ്ട്രേലിയ 304 റണ്‍സിന് ഓൾഒൗട്ടായി.
അശ്വിൻ?
കഴിഞ്ഞ ആറു വർഷത്തിനിടെ വെറും രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് സ്പിന്നർ ആർ. അശ്വിൻ ഇന്ത്യക്കായി ഇറങ്ങിയത്. എന്നിട്ടും ലോകകപ്പ് ടീമിൽ ഇടംലഭിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലെ മികച്ച പ്രകടനവുമായി അശ്വിൻ ഈ തീരുമാനത്തെ ന്യായീകരിച്ചു. പരിക്കേറ്റ അക്സർ പട്ടേൽ ലോകകപ്പിനു മുന്‍പ് സുഖപ്പെട്ടില്ലെങ്കിൽ അശ്വിനെ പകരക്കാരനായി മാനേജ്മെന്റ് നിയമിക്കും.