സ്വർണക്കുളന്പ്
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു മൂന്നാം സ്വർണം. അശ്വാഭ്യാസം ഡ്രെസേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ആതിഥേയരായ ചൈനയെയും ഹോങ്കോംഗിനെയും തകർത്താണ് ഇന്ത്യയുടെ സ്വർണനേട്ടം.
ഹൃദയ് വിപുൽ ഛേദ്ദ, സുദിപ്തി ഹജേല, ദിവ്യാകൃതി സിംഗ്, അനുഷ് അഗർവാല എന്നിവരാണ് സുവർണനേട്ടം സ്വന്തമാക്കിയ ടീമിലെ അംഗങ്ങൾ. 41 വർഷത്തിനുശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസത്തിൽ സ്വർണം നേടുന്നത്. ഇതിനുപുറമേ, നാലാം ദിനം ഇന്ത്യ സെയ്ലിംഗിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി.
നേഹ ഠാക്കൂർ സെയ്ലിംഗിൽ വെള്ളി നേടിയപ്പോൾ പുരുഷന്മാരുടെ വിൻഡ്സർഫർ ആർഎസ് എക്സ് വിഭാഗം സെയ്ലിംഗിൽ ഇബാദ് അലിയും ഡിങ്ഹെയിൽ വിഷ്ണു ശരവണനും ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കി.
നിലവിൽ മൂന്നു സ്വർണവും നാലു വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 15 മെഡലുകളുള്ള ഇന്ത്യ പട്ടികയിൽ ആറാമതാണ്. 53 സ്വർണമുൾപ്പെടെ 95 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.