ഹോക്കിയിൽ മധുരപ്പതിനാറ്!
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഇഷ്ട നന്പറായി 16 മാറിയതായി ആരാധക സംസാരം. കാരണം, പൂൾ എയിൽ ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിലും 16 ഗോൾ എതിർ പോസ്റ്റിൽ അടിച്ചുകൂട്ടി. പൂൾ എയിലെ ആദ്യ മത്സരത്തിൽ 16-0ന് ഉസ്ബക്കിസ്ഥാനെ തകർത്ത ഇന്ത്യ, ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 16-1ന് സിംഗപ്പൂരിനെയും നിലംപരിശാക്കി.
സിംഗപ്പൂരിനെതിരേ ഹർമൻപ്രീത് സിംഗ് (24’, 39’, 40’, 42’) നാല് ഗോൾ നേടിയപ്പോൾ മൻദീപ് സിംഗ് (12’, 30’, 51’) ഹാട്രിക് സ്വന്തമാക്കി. അഭിഷേദ് (51’, 52’), വരുണ്‍ (55’, 56’) എന്നിവർ ഇരട്ട ഗോൾ നേടി. ലളിക് (16’), ഗുർജന്ത് സിംഗ് (22’), വിവേക് (23’), മൻപ്രീത് സിംഗ് (37’), ഷംസീർ (38’) എന്നിവരും ഇന്ത്യക്കായി ലക്ഷ്യംകണ്ടു.
പൂൾ എയിലെ മറ്റു മത്സരങ്ങളിൽ ജപ്പാൻ 10-1ന് ഉസ്ബക്കിസ്ഥാനെയും പാക്കിസ്ഥാൻ 5-2ന് ബംഗ്ലാദേശിനെയും തോൽപ്പിച്ചു. പൂൾ ബിയിൽ മലേഷ്യ 11-1ന് ഒമാനെ തകർത്തപ്പോൾ ചൈന 5-1ന് ഇന്തോനേഷ്യയെ മറികടന്നു. പൂൾ എയിൽ ഇന്ത്യ, ജപ്പാൻ, പാക്കിസ്ഥാൻ ടീമുകൾ രണ്ടു ജയം വീതവുമായി ആറു പോയിന്റ് നേടി. ഗോൾ വ്യത്യാസത്തിൽ ഇന്ത്യയും ജപ്പാനുമാണു യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ.