വിനീഷ്യസ് റയൽ വിടില്ല
Wednesday, May 24, 2023 12:19 AM IST
മാഡ്രിഡ്: വംശീയാധിക്ഷേപം നേരിട്ടതിനെതിരേ രൂക്ഷഭാഷയിൽ ലാ ലിഗയ്ക്കും സ്പെയിനിനും എതിരേ സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ച ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂണിയർ സ്പാനിഷ് വന്പൻ ക്ലബ്ബായ റയൽ മാഡ്രിഡ് വിടില്ലെന്നു റിപ്പോർട്ട്. 2027 ജൂണ്‍ വരെ കരാർ ദീർഘിപ്പിക്കാൻ വിനീഷ്യസ് ജൂണിയർ കഴിഞ്ഞ വർഷം ധാരണയായതാണെന്നും പ്രഖ്യാപനം ഉടൻ എത്തുമെന്നുമാണു ട്രാൻസ്ഫർ ലോകത്തിൽ നിന്നുള്ള റിപ്പോർട്ട്.
നിലവിൽ 2024 ജൂണ്‍ വരെയാണു റയലുമായി വിനീഷ്യസിനു കരാറുള്ളത്. വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തിൽ പ്രതിഷേധിച്ച് ബ്രസീലിലെ റിയോ ഡിജനീറോയിലുള്ള ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയിലെ ലൈറ്റ് അണച്ചു. ഇരുട്ടിൽനിൽക്കുന്ന ക്രൈസ്റ്റ് ദ റെഡീമർ ചിത്രം വിനീഷ്യസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
വിനീഷ്യസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്: ‘ഇത് ആദ്യമായല്ല, രണ്ടാമതോ മൂന്നാമതോ അല്ല. ലാ ലിഗയിൽ വംശീയത സാധാരണമാണ്. എന്നോടു ക്ഷമിക്കണം. റൊണാൾഡീഞ്ഞോയും റൊണാൾഡോയും ക്രിസ്റ്റ്യാനോയും മെസിയുമെല്ലാം കളിച്ച ലാ ലിഗ വംശവെറിക്കാരുടെ കൈകളിലായിരിക്കുന്നു.
എന്നെ സ്വീകരിക്കുകയും ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന സുന്ദര രാജ്യം, പക്ഷേ, വംശീയ രാജ്യമാണെന്ന നിറം ലോകത്തിനു മുന്നിൽ നൽകുകയാണിപ്പോൾ. എന്നോടു വിയോജിക്കുന്ന സ്പാനിഷുകാർ ക്ഷമിക്കണം, ഇപ്പോൾ ബ്രസീലിൽ സ്പെയിൻ അറിയപ്പെടുന്നതു വംശീയതയുള്ള രാജ്യമെന്നാണ്.
എല്ലാ ആഴ്ചയും സമാന സംഭവം അരങ്ങേറുന്നു എന്നത് പ്രതിരോധിക്കുന്നതിനും അപ്പുറത്താണ്. എങ്കിലും അവസാനംവരെ വംശീയതയ്ക്കെതിരേ പോരാടും, അടുത്തെങ്ങും ആ സുദിനം ഉണ്ടാകില്ലെന്ന് അറിയാമെങ്കിലും...’