ലാ ലിഗ വംശീയാധിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു: വിനീഷ്യസ്
Monday, May 22, 2023 11:27 PM IST
മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ പിടിച്ചുലച്ച് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂണിയർ ലാ ലിഗയ്ക്കും സ്പെയിനിനും എതിരേ വംശീയാധിക്ഷേപാരോപണം ഉയർത്തി.
സ്പാനിഷ് ലാ ലിഗയിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായശേഷമാണ് വിനീഷ്യസ് ജൂണിയർ സോഷ്യൽ മീഡിയയിലൂടെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മത്സരത്തിൽ റയൽ മാഡ്രിഡ് 1-0നു പരാജയപ്പെടുകയും 90+7-ാം മിനിറ്റിൽ നേരിട്ടുള്ള ചുവപ്പുകാർഡിലൂടെ വിനീഷ്യസ് പുറത്താകുകയും ചെയ്തിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽനിന്നു വിനീഷ്യസിനെതിരേ വംശീയാക്ഷേപം ഉണ്ടായി. മൈതാനത്തുവച്ചുതന്നെ വിനീഷ്യസ് അതിനോട് പ്രതികരിച്ചിരുന്നു.
ഇഞ്ചുറി ടൈമിൽ വലെൻസിയയുടെ സ്പാനിഷ് താരം ഹ്യൂഗോ റൂഡോയും വിനീഷ്യസ് ജൂണിയറും തമ്മിൽ നേരിട് ട്ഏറ്റുമുട്ടലുണ്ടായി. റൂഡോയുടെ മുഖത്തടിച്ചതിനെത്തുടർന്ന് വിനീഷ്യസിനു നേരിട്ട് ചുവപ്പുകാർഡ് ലഭിച്ചു. റൂഡോയ്ക്ക് മഞ്ഞക്കാർഡ് പോലും നൽകിയില്ല. ഇതാണു വിനീഷ്യസ് കടുത്ത ഭാഷ ഉപയോഗിക്കാൻ കാരണം.