ഇംഗ്ലണ്ട് പ്രീകാർട്ടറിൽ
Thursday, December 1, 2022 2:13 AM IST
ദോഹ: രണ്ടു മിനിറ്റിൽ രണ്ടു ഗോൾ; ഇംഗ്ലണ്ടിനു ബ്രിട്ടനിലെ ആഭ്യന്തരയുദ്ധം ജയിക്കാൻ അതു മതിയായിരുന്നു. ഫലം വെയിത്സിനെതിരേ തകർപ്പൻ വിജയവും നോക്കൗട്ട് സ്ഥാനവും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണു ബ്രിട്ടന്റെ ഭാഗവും അയൽക്കാരുമായ വെയിത്സിനെ ഇംഗ്ലണ്ട് വീഴ്ത്തിയത്. മാർക്കസ് റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. ഫിൽ ഫോഡനും ലക്ഷ്യംകണ്ടു.
ആക്രമണം
ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിൽനിന്നു. ആദ്യ 20 മിനിറ്റിൽ 70 ശതമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ബോൾ പൊസഷൻ. മത്സരത്തിന്റെ 10-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച അവസരം റാഷ്ഫോർഡ് പാഴാക്കി. വെയിത്സ് ഗോളി ഡാനി വാർഡിന്റെ പോയിന്റ് ബ്ലാങ്ക് സേവ്. 38-ാം മിനിറ്റിൽ ബോക്സിന്റെ നടുവിൽ ലഭിച്ച പന്ത് ഫിൽ ഫോഡനും പുറത്തേക്കടിച്ചുകളഞ്ഞു. ആദ്യപകുതിയിൽ ഇംഗ്ലണ്ടിനു വ്യക്തമായ മേൽക്കൈയുണ്ടായിരുന്നെങ്കിലും ലക്ഷ്യംകാണാൻ കഴിഞ്ഞില്ല. കടുത്ത പ്രതിരോധം തീർത്താണ് വെയ്ത്സ് ഇംഗ്ലീഷ് മുന്നേറ്റങ്ങൾക്കു മറുപടി നൽകിയത്.
നായാട്ട്
രണ്ടാം പകുതിയിൽ ഒരു മിനിറ്റിനിടെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇംഗ്ലണ്ട് നിര വെയിത്സ് പ്രതിരോധം കീറിമുറിച്ചു. ലക്ഷ്യംകണ്ടത് റാഷ്ഫോർഡും ഫോഡനും. 68-ാം മിനിറ്റിൽ റാഷ്ഫോർഡിന്റെ രണ്ടാം ഗോൾ. 72-ാം മിനിറ്റിൽ റാഷ്ഫോർഡ് ഒരിക്കൽക്കൂടി ഗോളിനു തൊട്ടടുത്തെത്തിയെങ്കിലും ഗോളി ഡാനി വാർഡ് തടസമായി.
പിന്നാലെ ജൂഡ് ബെല്ലിംഗ്ഹാമിന്റെ താഴ്ന്നെത്തിയ പന്തും വാർഡ് തടഞ്ഞു. പക്ഷേ, ഫലത്തിൽ മാറ്റമുണ്ടായില്ല. 64 വർഷത്തിനുശേഷം ലോകകപ്പ് കളിക്കാനെത്തിയ ഗാരത് ബെയ്ലിനും സംഘത്തിനും പ്രീക്വാർട്ടർ കാണാതെ നിരാശയോടെ മടക്കം.
ഗോൾവഴി...
മാർകസ് റാഷ്ഫോർഡ് (50’)
ഫിൽ ഫോഡനെ ബോക്സിനു സമീപം വെയ്ത്സ് പ്രതിരോധക്കാരൻ വീഴ്ത്തുന്നു. ബോക്സിനു തൊട്ടുപുറത്തുനിന്ന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. ഷോട്ടെടുത്തതു മാർകസ് റാഷ്ഫോർഡ്. 20 വാര അകലെനിന്നുള്ള റാഷ്ഫോർഡിന്റെ ഫ്രീകിക്ക് ഗോളിക്കു പ്രതികരിക്കാൻപോലും അവസരം ലഭിക്കുംമുന്‍പ് വലയിൽ.
ഫിൽ ഫോഡൻ (51’)
വലതുവിംഗിൽ ഡേവിസിന്റെ പിഴവു മുതലെടുത്തു പോസ്റ്റിനു സമാന്തരമായി ഹാരി കെയ്ന്റെ ക്രോസ്. പന്ത് കൊരുത്തെടുത്ത്, വെയ്ത്സ് ഗോളി ഡാനി വാർഡിന് ഒരവസരവും നൽകാതെ ഫിൽ ഫോഡന്റെ ക്ലിനിക്കൽ ഫിനിഷിംഗ്.
മാർകസ് റാഷ്ഫോർഡ് (68’)
പകരക്കാരൻ കാൽവിൻ ഫിലിപ്സിന്റെ പാസ്. ഒപ്പമോടിയ വെയ്ത്സ് താരത്തെ പിന്തള്ളി റാഷ്ഫോർഡ് പന്ത് പിടിച്ചെടുക്കുന്നു. ബോക്സിലേക്ക് ഓടിക്കയറിയശേഷം റാഷ്ഫോർഡിന്റെ ഇടംകാൽ ഹാഫ് വോളി. വെയ്ത്സ് ഗോളിയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിൽ.
പൊളിച്ചടുക്കി സൗത്ത്ഗേറ്റ്
യുഎസ്എയ്ക്കെതിരേ സമനില വഴങ്ങിയ ടീമിൽനിന്നു നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റ് വെയിത്സിനെതിരേ ഇറങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മാർകസ് റാഷ്ഫോർഡ്, ഫിൽ ഫോഡൻ, ജോർദാൻ ഹെൻഡേഴ്സണ്, കൈൽ വാക്കർ എന്നിവർക്ക് ആദ്യ ഇലവനിൽ ഇടംകിട്ടി. മേസണ്‍ മൗണ്ട്, ബുകായോ സാക്ക, കീറണ്‍ ട്രിപ്പിയർ, റഹിം സ്റ്റെർലിംഗ് എന്നിവരാണു പുറത്തായത്. കഴിഞ്ഞ കളിയിൽ ഫിൽ ഫോഡനെ ഇറക്കാതിരുന്ന സൗത്ത്ഗേറ്റിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു.