ബ്രാവോ @ 600
Saturday, August 13, 2022 2:03 AM IST
ലണ്ടൻ: ട്വന്റി-20 ക്രിക്കറ്റിൽ 600 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹണ്ട്രഡ് ലീഗിൽ നോർത്തേണ്‍ സൂപ്പർ ചാർജേഴ്സിനുവേണ്ടി കളിക്കുന്നതിനിടെയാണു ബ്രാവോ ഈ നേട്ടത്തിലെത്തിയത്.
ട്വന്റി-20 ക്രിക്കറ്റിൽ 600 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യതാരം എന്ന റിക്കാർഡും ഇതോടെ താരം സ്വന്തമാക്കി. ഓവൽ ഇൻവിൻസിബിൾസിനെതിരായ മത്സരത്തിൽ സാം കറന്റെ വിക്കറ്റെടുത്തതോടെയാണു ബ്രാവോ 600 വിക്കറ്റ് പൂർത്തിയാക്കിയത്.
516-ാം മത്സരത്തിലാണു ബ്രാവോയുടെ ഈ നേട്ടം. ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ബ്രാവോയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് അഫ്ഗാൻ താരം റാഷിദ് ഖാനാണ്, 466 വിക്കറ്റ്. 457 വിക്കറ്റുകളുമായി വിൻഡീസിന്റെ സുനിൽ നരെയ്നാണു മൂന്നാമത്.
600 വിക്കറ്റ് പൂർത്തിയാക്കിയശേഷം ബ്രാവോ നടത്തിയ പ്രത്യേകതരം നൃത്തച്ചുവട് സമൂഹമാധ്യമങ്ങളിൽ തരംഗമായി.