കേരളത്തിന്റെ ടൂറിസം പ്രചാരണത്തിനു കൈകോര്‍ത്ത് എംകെടിഎയും ബെസ്റ്റ് ഏഷ്യാ ഡിഎംസിയും
Monday, September 1, 2025 1:48 AM IST
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി സമൂഹമാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന വിദേശ വ്ലോഗര്‍മാരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന് (എംകെടിഎ).
തായ്ലന്ഡിലെ പത്തു വ്ലോഗര്‍മാരെയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായി എത്തിക്കുക. തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന ടൂറിസം ഉച്ചകോടിയില്‍ ബെസ്റ്റ് ഏഷ്യ ഡിഎംസി തായ്ലന്‍ഡുമായി ഇതുസംബന്ധിച്ചു ധാരണയായതായി എംകെടിഎ പ്രസിഡന്റ് അനി ഹനീഫും സെക്രട്ടറി ദിലീപ് കുമാറും പറഞ്ഞു.
തായ്ലന്ഡിലെ അധികം അറിയപ്പെടാത്ത ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ കേരളത്തിലെ ടൂറിസം സാധ്യകളെ എംകെടിഎ അവതരിപ്പിച്ചു. ബാങ്കോക്ക് സെഞ്ചുറി പാര്‍ക്കില്‍ നടന്ന ഉച്ചകോടിയിൽ കേരളത്തില്‍നിന്ന് 68 ടൂര്‍ ഓപ്പറേറ്റര്‍മാരാണു പങ്കെടുത്തത്.
എംകെടിഎ രക്ഷാധികാരി രവികുമാര്‍, ട്രഷറര്‍ കെ.ആര്. ആനന്ദ്. ജോയിന്റ് സെക്രട്ടറി പ്രദീപ്, വൈസ് പ്രസിഡന്റ് സുബോധ് ജോര്‍ജ് എന്നിവര്‍ യാത്രയ്ക്കു നേതൃത്വം നല്കി.