സ്വർണാഭരണ നിർമാണശാലകളിലെ റെയ്ഡ്;ജിഎസ്ടി ഉദ്യോഗസ്ഥർക്കു രഹസ്യ അജൻഡയെന്നു സംശയം: സമരസമിതി
Saturday, August 30, 2025 11:17 PM IST
തൃശൂർ: സ്വർണവിലവർധന കാരണം കേരളത്തിലെ ജ്വല്ലറികളിൽ വ്യാപാരം കുറഞ്ഞപ്പോഴുണ്ടായ ജിഎസ്ടി നഷ്ടം, തൃശൂരിലെ മൊത്തവിതരണക്കാരുടെ ചെറുകിട വ്യാപാരശാലകളിലെ കച്ചവടമാണെന്നു പറഞ്ഞ് രക്ഷപ്പെടുന്നവരെ ജിഎസ്ടി ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് സംയുക്ത സമരസമിതി യോഗം.
ഉത്സവസീസണുകളിൽ സ്വർണാഭരണനിർമാണശാലകളിൽ റെയ്ഡുമായെത്തി ഉദ്യോഗസ്ഥർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ വ്യാപാരം ഇല്ലാതാക്കുകയെന്ന രഹസ്യഅജൻഡ നടപ്പാക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ നില തുടർന്നാൽ ജീവിക്കാനായി പ്രത്യക്ഷസമരപാടികളുമായി മുന്നോട്ടു പോകുമെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി.
ജ്വല്ലറികളിൽ ബില്ലില്ലാതെ വില്പന നടക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു ഞങ്ങൾ എതിരല്ല. കഴിഞ്ഞദിവസം തൃശൂരിലെ സ്വർണാഭരണനിർമാണശാലകളിലും ഡൈ കടകളിലും നടത്തിയ ജിഎസ്ടി റെയ്ഡുകൾ മേഖലയെ തളർത്തി വ്യവസായത്തെ നശിപ്പിക്കുമെന്നു സംയുക്ത സമരസമിതി യോഗം വിലയിരുത്തി.
തൃശൂർ ടൗണിലെ പ്രധാന സാമ്പത്തികസ്രോതസും പതിനായിരത്തോളം ആളുകളുടെ ജീവിതമാർഗവുമായ ജ്വല്ലറിവ്യാപാരം നിലനിർത്തേണ്ടതുണ്ട്.
യോഗത്തിൽ സിഐടിയു ആഭരണനിർമാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.ബി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജെഎംഎ സംസ്ഥാന പ്രസിഡന്റ് എ.കെ. സാബു, ഐഎൻടിയുസി ആഭരണനിർമാണ യൂണിയൻ പ്രസിഡന്റ് രാജേഷ് തിരുത്തോളി, ജെഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സൻ മാണി, ബിഎംഎസ് പ്രതിനിധി ജയശങ്കർ, എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരൻ, എച്ച്എംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.