ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധഭീതി; ഓഹരി വിപണിയിൽ തകർച്ച
Friday, May 9, 2025 12:56 AM IST
മുംബൈ: ലാഹോറിൽ ഇന്ത്യൻ സൈന്യം വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതിനെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുമെന്ന് നിക്ഷേപകർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നിക്ഷേപകർ ഓഹരികൾ അവസാന മണിക്കൂറുകളിൽ വിറ്റഴിക്കാൻ തിരക്കു കൂട്ടിയതാണ് വിപണിയെ ദുർബലപ്പെടുത്തിയത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെൻസെക്സ് 411.97 പോയിന്റ് (0.51%) ഇടിഞ്ഞ് 80,334.81ലും നിഫ്റ്റി 140.60 പോയിന്റ് (0.58%)നഷ്ടത്തിൽ 24,273.80ലും ക്ലോസ് ചെയ്തു. 1229 ഓഹരികൾ മുന്നേറിയപ്പോൾ 2463 ഓഹരികൾ നഷ്ടത്തിലായി. 123 എണ്ണത്തിനു മാറ്റമുണ്ടായില്ല.
വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപും (1.95%), സ്മോൾകാപും (1.43%) വൻ ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ യഥാക്രമം 1.90 ശതമാനം 1.05 ശതമാനം ഇടിഞ്ഞു.
മേഖലാ സൂചികകളുടെ പ്രകടനം സമ്മിശ്രമായിരുന്നു. ഓട്ടോ, എഫ്എംസിജി, ബാങ്കിംഗ്, ഫാർമ ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു. ഐടി, മാധ്യമ ഓഹരികൾ ലാഭം സ്വന്തമാക്കി.
ഇന്നലെ അഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനം 423.50 ലക്ഷം കോടി രൂപയിൽനിന്ന് 418.50 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി 50 സൂചികയിലെ 45 ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിൽ ശ്രീറാം ഫിനാൻസ്, എറ്റേണൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ എന്നിവയാണ് നഷ്ടം നേരിട്ടവയിൽ മുൻനിരയിൽ.
അക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജിസ്, കോട്ടാക് മഹീന്ദ്ര, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ് എന്നിവ മാത്രമാണ് ലാഭം നേടിയത്.
രൂപയ്ക്കു വൻ ഇടിവ്
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൊടുന്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡോളറിനെതിരേ രൂപയ്ക്കു കനത്ത ഇടിവ്. 84 പൈസ നഷ്ടത്തിൽ 85.61ലെത്തി. ആഭ്യന്തര വിപണികളിൽ അപകടസാധ്യത വർധിച്ചതിനാൽ നിക്ഷേപകർ യുഎസ് ഡോളറിൽ സുരക്ഷ തേടിയതാണ് രൂപയ്ക്കു ക്ഷീണമായത്.
ഭൗമരാഷ് ട്രീയ സംഘർഷങ്ങൾക്കു പുറമെ യുഎസ് ഡോളർ ശക്തിപ്പെട്ടതും ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ സമ്മർദത്തിലാക്കി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ 84.61ലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഉയർന്ന് 84.52ലും താഴ്ന്ന് 85.77ലുമെത്തി. അവസാനമിത് മുൻ സെഷനേക്കാൾ 84 പൈസ നഷ്ടത്തിൽ 85.61ൽ അവസാനിച്ചു. ബുധനാഴ്ച രൂപ 42 പൈസ ഇടിഞ്ഞിരുന്നു.
പ്രധാന ആറു കറൻസികൾക്കെതിരേ ഡോളറിന്റെ പ്രകടനം അളക്കുന്ന ഡോളർ സൂചിക 0.46 ശതമാനം ഉയർന്ന് 100.07ലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.05 % ഉയർന്ന് ബാരലിന് 61.79 ഡോളറിലെത്തി.
പാക്കിസ്ഥാൻ വിപണി തകർന്നടിഞ്ഞു
പാക്കിസ്ഥാൻ ഓഹരി വിപണി സൂചിക കെഎസ്ഇ-100 ഇന്നലെയും തകർന്നടിഞ്ഞു. ഇന്നലെത്തെ വ്യാപാരത്തിൽ വിൽപ്പന സമ്മർദം ഉയർന്നതിനെത്തുടർന്ന് കെഎസ്ഇ-30 സൂചിക 7.2 ശതമാനത്തോളം തകർന്നു.
ഇതേത്തുടർന്ന് ഒരു മണിക്കൂറോളം വ്യാപാരം നിർത്തിവയ്ക്കേണ്ടിവന്നു. ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വിൽപ്പന ഉയർന്നത്. കെഎസ്ഇ-30 ബുധനാഴ്ച മൂന്നു ശതമാനത്തോളാണ് താഴ്ന്നത്.
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ കെഎസ്ഇ-100 സൂചിക ഏകദേശം 1800 പോയിന്റ് വരെ ഉയർന്ന് സൂചിക തിരിച്ചവരവിന്റെ സൂചനകൾ നല്കി. എന്നാൽ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തുടരുമെന്ന പ്രതീതി ഉണ്ടായതോടെ 7,334.93 പോയിന്റ് (6.67%) നഷ്ടത്തോടെ 10,2674.1 ൽ അവസാനിച്ചു.
ബുധനാഴ്ചത്തെ തകർച്ചയ്ക്കു പിന്നാലെയാണ് ഇന്നലെയും വിപണി താഴ്ന്നത്. ബുധനാഴ്ച 6,500 പോയിന്റ് ഇടിഞ്ഞ് അതിന്റെ മൂല്യത്തിന്റെ 6 ശതമാത്തോളം നഷ്ടമായി.