ചരിത്രത്തിലാദ്യമായി 70,000 പോയിന്റ് പിന്നിട്ട് സെൻസെക്സ്
Tuesday, December 12, 2023 12:42 AM IST
മുംബൈ: റിക്കാർഡ് നേട്ടങ്ങൾ തുടർക്കഥയാക്കി ആഭ്യന്തര ഓഹരിസൂചികകൾ. നിഫ്റ്റി 50, സെൻസെക്സ് എന്നീ സൂചികകൾ ഇന്നലെ പുതിയ ഉയരത്തിൽ വ്യാപാരം നടത്തി. സെൻസെക്സ് ചരിത്രത്തിലാദ്യമായി 70,000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടു.
ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണു സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ക്രൂഡ്ഓയിൽ വിലയിലെ ഇടിവ്, വിദേശനിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽനിന്നുള്ള നിക്ഷേപം എന്നിവ വിപണിയുടെ കുതിപ്പിനു സഹായകരമായി.
വ്യാപാരാന്ത്യത്തിൽ 103 പോയിന്റ് (0.15%) നേട്ടവുമായി 69,928.53ലാണു സെൻസെക്സുള്ളത്. 70,057 വരെ ഇന്നലെ വ്യാപാരത്തിന്റെ ആദ്യ സെഷനിൽ സെൻസെക്സ് മുന്നേറി. പിന്നീട് ലാഭമെടുപ്പുണ്ടായതു തിരിച്ചടിയായി.
ഒരുവേള 21,026 വരെയെത്തിയ നിഫ്റ്റിയും പിന്നീട് താഴേക്കിറങ്ങി. 27.70 പോയിന്റ് (0.13%) നേട്ടവുമായി 20,997.10ലാണ് നിഫ്റ്റിയുള്ളത്. ഇരു സൂചികകളുടെയും റിക്കാർഡ് ക്ലോസിംഗ് പോയിന്റാണിത്.
ബാങ്ക് നിഫ്റ്റിയുടെ പ്രകടനം നിഫ്റ്റിയെ മറികടന്നു മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച നിഫ്റ്റി 3.5 ശതമാനം ഉയർന്നപ്പോൾ ബാങ്ക് നിഫ്റ്റി 5.5 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി50യിൽ 22 ഓഹരികൾ നഷ്ടത്തിലും 28 ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബിഎസ്ടി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും മികച്ച നേട്ടളത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.