ചരിത്രസൂചനകള്‍
ഓഹരി അവലോകനം / സോണിയ ഭാനു
Monday, December 11, 2023 2:54 AM IST
ഓഹരി സൂചിക തകർപ്പൻ മുന്നേറ്റം കാഴ്ചവച്ച ആവേശത്തിൽ കുതിക്കുന്നു. ചരിത്രനേട്ടങ്ങൾ ഒന്നൊന്നായി പുതുക്കി, സൂചികകൾ കാഴ്ചവച്ച പ്രകടനം ബ്ലൂ ചിപ്പ് ഓഹരികളിൽ പിടിമുറുക്കാൻ ഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും പ്രേരിപ്പിച്ചു. സാങ്കേതികമായി വിപണി ഓവർബോട്ടായിട്ടും ഭാഗ്യപരീക്ഷണങ്ങൾക്കു നിക്ഷേപകർ മത്സരത്തിലാണ്.
നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി 21,000നു മുകളിൽ സഞ്ചരിച്ചപ്പോൾ 70,000 മറികടക്കാനുള്ള ശ്രമത്തിലാണു സെൻസെക്സ്. നിഫ്റ്റി 701 പോയിന്റും സെൻസെക്സ് 2344 പോയിന്റും കുതിച്ചു. ബുൾ റാലി തുടങ്ങി ഒരു മാസത്തിൽ എൻഎസ്ഇ 1525 പോയിന്റും ബിഎസ്ഇ 4849 പോയിന്റും കയറി. വർഷാന്ത്യത്തിന് ആഴ്ചകൾമാത്രം ശേഷിക്കേ 2023ൽ സൂചികകൾ 15 ശതമാനം നേട്ടത്തിലാണ്.
സമാനതകളില്ലാതെ
ആഗോളതലത്തിൽ ഇത്തരമൊരു കുതിപ്പ് മറ്റൊരു രാജ്യത്തെ ഓഹരി വിപണിക്കും ഒരു വർഷത്തിനിടെ കാഴ്ചവയ്ക്കാനായില്ല. നടപ്പുവർഷം ഇന്ത്യൻ വിപണിയും സന്പദ്വ്യവസ്ഥ പുതിയ നാഴികക്കല്ലുകൾ പിന്നിട്ട് ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തി. വിപണി മൂലധനം നാലു ട്രില്യണ്‍ ഡോളർ കടന്നു. അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ ഇന്ത്യ ഇടംപിടിച്ചു. പുതിയ സാഹചര്യത്തിൽ വിദേശ ഓപ്പറേറ്റർമാരുടെ പിന്തുണ ഏതാനും വർഷങ്ങൾ തുടരാം.
നിഫ്റ്റി ബുള്ളിഷ് ട്രൻഡിലാണ്. മൂന്നു വർഷത്തിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലുമാണ്. മുൻവാരത്തിലെ 20,267ൽനിന്ന് റിക്കാർഡുകൾ പലതും പഴങ്കഥയാക്കിയ നിഫ്റ്റി, ചരിത്രത്തിലാദ്യമായി 21,000 പോയിന്റുകടന്ന് 21006.10 വരെ കയറി, വാരാന്ത്യം 20,969 പോയിന്റിലാണ്. കുതിപ്പിനിടെ ഫണ്ടുകൾ ലാഭമെടുപ്പു നടത്തിയതു കണക്കിലെടുത്താൽ ബുൾ ഓപ്പറേറ്റർമാരുടെ പണപ്പെട്ടി നിറഞ്ഞ അവസ്ഥയാണ്. അവർക്കു സൂചികയെ വീണ്ടും ഉയർന്ന തലങ്ങളിലേക്കു കൈപിടിച്ചുയർത്താനുള്ള കെൽപ്പുണ്ട്. നിഫ്റ്റി ഫ്യൂച്ചറിന്റെ അടിയൊഴുക്കും ഇതേ സൂചനയാണ് നൽകുന്നത്.
പുതുവർഷ പ്രതീക്ഷ
ഈവാരം നിഫ്റ്റിക്ക് 21,143-21,318ൽ പ്രതിരോധം തലയുയർത്താം. അടുത്ത രണ്ടാഴ്ചകളിൽ ലാഭമെടുപ്പിലും കരുത്തു സൂക്ഷിച്ചാൽ 21,500-21,800 റേഞ്ചിൽ പുതുവർഷം നിഫ്റ്റിക്കു തിളങ്ങാനാകും. നിലവിൽ 20,656-20,344 പോയിന്റിൽ താങ്ങുണ്ട്. മറ്റു സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക്, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. മറ്റ് ഇൻഡിക്കേറ്ററുകൾ പലതും രണ്ടാം വാരവും ഓവർബോട്ടായത് തിരുത്തലിനിടയാക്കാം.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചർ 3.4 ശതമാനം നേട്ടത്തിൽ 21,075 പോയിന്റിലാണ്. ഓപ്പണ്‍ ഇന്ററസ്റ്റ് തൊട്ടു മുൻവാരത്തിലെ 108.7 ലക്ഷം കരാറുകളിൽനിന്ന് 133.2 ലക്ഷമായി. നിഫ്റ്റി50 ഈവാരം 21,000നു മുകളിൽ ഇടംപിടിച്ചാൽ ഫ്യൂച്ചർ 21,500നെ ലക്ഷ്യമാക്കും. ബോംബെ സെൻസെക്സ് 70,000ലേക്കു കടക്കാൻ ഇന്നും നാളെയുമായി ശ്രമിക്കും. 67,481ൽനിന്ന് സൂചിക 69,893.80 വരെ ഉയർന്നശേഷം വാരാന്ത്യം 69,825ലാണ്. റിക്കാർഡ് പുതുക്കി 70,378ലെ ആദ്യ പ്രതിരോധം തകർത്താൽ സെൻസെക്സ് 70,931-72,522നെ ഉറ്റുനോക്കാം.
വിദേശ ഫണ്ടുകൾ 10,929 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനിടയിൽ 1644 കോടി രൂപയുടെ വിൽപ്പന നടത്തി. രണ്ടാഴ്ചകളിലെ വിദേശ നിക്ഷേപം 21,523 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ 1694 കോടി രൂപയുടെ നിക്ഷേപവും 1843 കോടിയുടെ വിൽപ്പനയും നടത്തി.
ചരിത്രനേട്ടത്തിൽ സ്വർണം
സ്വർണം പ്രതിരോധങ്ങൾ തകർത്തു പുതിയ റിക്കാർഡിലാണ്. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 2071 ഡോളറിൽനിന്നു മുൻവാരം സൂചിപ്പിച്ച 2120ലെ തടസം തകർത്ത സ്വർണം 2147 വരെ ഉയർന്നു.
ഉൗഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനു കാണിച്ച ആവേശത്തിൽ കത്തിയക്കയറിയ സ്വർണത്തിനു പക്ഷേ, പിന്നീട് ഒരു ഡോളർപോലും ഉയരാനായില്ല. ഇതോടെ നിക്ഷേപകർ ലാഭമെടുപ്പിലേക്കു ചുവടുമാറ്റി. 1995 ഡോളറിലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 2005 ഡോളറിലാണു സ്വർണം. ഈവാരം 2036-2054ലെ പ്രതിരോധം ഭേദിക്കാനായില്ലെങ്കിൽ പുതുവർഷം 1924-1880 ഡോളറിലേക്കു സാങ്കേതികമായി തളരാം.