ഫെഡറല്‍ ബാങ്കിന് ‘ബാങ്ക് ഓഫ് ദി ഇയര്‍’ പുരസ്കാരം
Friday, December 8, 2023 1:38 AM IST
കൊച്ചി: ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദ ബാങ്കറിന്റെ ‘ബാങ്ക് ഓഫ് ദ ഇയര്‍ അവാര്‍ഡ്സ് 2023’ പുരസ്കാരം ഫെഡറല്‍ ബാങ്കിന്. 120 രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഏറ്റവും പ്രധാന മൂന്ന് ആഗോള പുരസ്കാരങ്ങളിലൊന്നാണ് ദ ബാങ്കര്‍ നല്കുന്ന പുരസ്കാരം. നൂതന ബാങ്കിംഗ് സൗകര്യങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ഫെഡറല്‍ ബാങ്കിനുള്ള പ്രതിബദ്ധതയും ബാങ്കിംഗ് മേഖലയ്ക്കു നല്കിയ സംഭാവനകളും വിലയിരുത്തിയാണ് പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ മികച്ച ബാങ്ക് എന്ന അംഗീകാരം തങ്ങള്‍ക്കു വളരെ വിലപ്പെട്ടതാണെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്കായി ഫെഡറല്‍ ബാങ്കിനെ മാറ്റുന്നതിലാണ് ടീമിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.