അംബാനിക്കരികെ അദാനി
Thursday, December 7, 2023 1:02 AM IST
ലോസ് ആഞ്ചൽസ്: ലോകത്തെ ശതകോടീശ്വരന്മാരുടെ ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനി 15-ാം സ്ഥാനത്ത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ മുകേഷ് അംബാനിയേക്കാൾ രണ്ടു സ്ഥാനം പിന്നിലാണ് അദാനി.
8,250 കോടി ഡോളറാണ് (6.8 ലക്ഷം കോടി രൂപ) നിലവിൽ അദാനിയുടെ ആകെ മൂല്യം. ഇതിനൊപ്പം ഏഷ്യയിലെ രണ്ടാമത്തെ ധനികനെന്ന നേട്ടത്തിലേക്കും അദാനിയെത്തി. ഓഹരിവിപണിയിൽ കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതും അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാകില്ലെന്ന പ്രവചനങ്ങളും അദാനിക്കു നേട്ടമായി.
9,140 കോടി ഡോളറാണ് (7.6 ലക്ഷം കോടി രൂപ) പട്ടികയിൽ 13-ാം സ്ഥാനത്തുള്ള റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി. ഇവരെക്കൂടാതെ, 41-ാം സ്ഥാനത്തുള്ള ഷപൂർ മിസ്ത്രി (3280 കോടി ഡോളർ), 45-ാം സ്ഥാനത്തുള്ള ശിവ് നാടാർ (3070 കോടി ഡോളർ) എന്നിവരാണു പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യക്കാർ.