ഏലം ബോർഡ് രൂപീകരിക്കണം: ഡീൻ കുര്യാക്കോസ്
Wednesday, December 6, 2023 1:17 AM IST
ന്യൂഡൽഹി: സ്പൈസസ് ബോർഡിൽനിന്നും വേർപെടുത്തി പുതുതായി ഏലം ബോർഡ് രൂപീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ഏലം കൃഷിക്കാരെ സഹായിക്കുന്നതിൽ സ്പൈസസ് ബോർഡ് പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ചട്ടം 377 അനുസരിച്ചാണ് എംപി പ്രശ്നം അവതരിപ്പിച്ചത്.
രാജ്യത്ത് ആകെയുള്ള ഏലം ഉത്പാദനത്തിന്റെ 70 ശതമാനം ഇടുക്കി ജില്ലയിലാണ്. ലോകത്തിൽത്തന്നെ ഏറ്റവും ഗുണമേന്മയുളള ഏലം ഉത്പാദിപ്പിക്കുന്നതും ഈ മേഖലയിലാണ്. ഏലം ഉത്പാദനം വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഡീൻ കുര്യാക്കോസ് സഭയിൽ ചൂണ്ടിക്കാട്ടി.
കൃഷിക്കാർക്ക് യാതൊരുതരത്തിലുമുള്ള ധനസഹായവും സ്പൈസസ് ബോർഡ് നൽകുന്നില്ല. കൃഷിക്കും പരിപാലനത്തിനും വിപണിസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വലിയ തോതിലുള്ള സഹായം ആവശ്യമാണ്.
കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും സാങ്കേതിക പിന്തുണയും ഈ മേഖലയിൽ അനിവാര്യമാണ്. ഇതെല്ലാം ഉറപ്പുവരുത്തുന്ന കാര്യത്തിൽ സ്പൈസസ് ബോർഡ് ദയനീയമായി പരാജയപ്പെട്ടെന്നും ആരോപിച്ച അദ്ദേഹം, ടെർമറിക് ബോർഡ് രൂപീകരിച്ചതുപോലെ ഏലം മേഖലയുടെ പുരോഗതിക്കുവേണ്ടി ഏലം ബോർഡ് യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു.