നിഫ്റ്റി സൂചിക ചുവടുവയ്ക്കുന്നു, ലക്ഷ്യം 20,300
Monday, December 4, 2023 1:36 AM IST
ഓഹരി അവലോകനം/ സോണിയ ഭാനു
പ്രതീക്ഷ പോലെ നിഫ്റ്റി സൂചിക 20,300ലേക്ക് ചുവടുവയ്ക്കുന്നു. കാളക്കുറ്റൻമാരും കരടികളുമായുള്ള അതിശക്തമായ ദ്വന്ദയുദ്ധത്തിൽ ബുള്ളുകൾ റിക്കാർഡ് കരുത്ത് കാഴ്ചവച്ചു. മുൻ വാരം ഇതേ കോളത്തിൽ നൽകിയ സൂചനകൾ ശരിവയ്ക്കുന്ന ശക്തമായ പ്രകടനമായിരുന്നു ഇടപാടുകൾ നടന്ന നാലു ദിവസങ്ങളിലും.
മുൻ നിര ഇൻഡക്സുകൾ രണ്ടര ശതമാനം ഉയർന്നത് ഇടപാടുകാർക്ക് ആവേശമായി. തളർച്ച അറിയാതെ അഞ്ചാം വാരവും വിപണി നേട്ടത്തിൽ. നിഫ്റ്റി സൂചിക 437 പോയിന്റും സെൻസെക്സ് 1511 പോയിന്റും പ്രതിവാര മികവിലാണ്. ഒരു മാസത്തിൽ നിഫ്റ്റി 1278 പോയിന്റും സെൻസെക്സ് 3889 പോയിന്റും വർധിച്ചു. ഒരു വർഷകാലയളവിൽ ഇവ യഥാക്രമം 2162 പോയിന്റും 6640 പോയിന്റും കയറി.
നിഫ്റ്റി നവംബർ ഫ്യൂച്ചർ സെറ്റിൽമെന്റ് വേളയിൽ ശക്തമായ കവറിംഗ് അനുഭവപ്പെട്ടു. ഗുരുനാനാക്ക് ജയന്തി മൂലം തിങ്കളാഴ്ച അവധിയായിരുന്നത് ഓപ്പറേറ്റർമാരെ കൂടുതൽ പിരിമുറുക്കത്തിലാക്കി. തൊട്ടു മുൻവാരം വിൽപ്പനതോത് കുറച്ച വിദേശ ഫണ്ടുകൾ പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ച് എല്ലാ ദിവസവും നിക്ഷേപകന്റെ മേലങ്കി അണിഞ്ഞത് റിക്കാർഡിന് അവസരം ഒരുക്കി. നിഫ്റ്റി റിക്കാർഡ് പുതുക്കിയെങ്കിലും സെൻസെക്സിനായില്ല.
നിഫ്റ്റി 19,794ൽനിന്ന് അല്പം തളർന്ന വേളയിൽ ഉടലെടുത്ത ബുൾ റാലിയിൽ 20,000 പോയിന്റിലെ പ്രതിരോധം തകർത്ത് 20,222ലെ റിക്കാർഡ് മറികടന്ന് ചരിത്രത്തിൽ ആദ്യമായി 20,291.55 വരെ കയറി, വ്യാപാരാന്ത്യം 20,267.90ലാണ്. ഈ വാരം പ്രതിരോധമേഖല 20,448ലാണ്. വാരാന്ത്യം വരെ മികവ് നിലനിർത്തിയാൽ ഡിസംബർ ആദ്യ പകുതിയിൽ 20,629നെ ലക്ഷ്യമാക്കും. ലാഭമെടുപ്പിന് നീക്കം നടന്നാൽ 19,928-19,589ൽ താങ്ങ് പ്രതീക്ഷിക്കാം. സാങ്കേതിക വശങ്ങൾ പലതും ഓവർ ബോട്ടായത് തിരുത്തലിന് ഇടയാക്കാം.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചർ വെള്ളിയാഴ്ച 20,375ൽ ക്ലോസിംഗ് നടന്നു. നിഫ്റ്റി ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് നവംബർ സെറ്റിൽമെന്റ് നടന്ന വ്യാഴാഴ്ച കുതിച്ച് കയറിയെങ്കിലും വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞു. തൊട്ടു മുൻവാരം 130.6 ലക്ഷം കരാറുകളായിരുന്നത് നവംബർ അവസാനം 175 ലക്ഷത്തിലേക്ക് ഉയർന്നങ്കിലും ഡിസംബർ ആദ്യ ദിനം ഇത് 108.7 ലക്ഷമായി കുറഞ്ഞു. വാരാന്ത്യം ഓപ്പറേറ്റർമാർ ഷോർട്ട് കവറിംഗിന് ഇറങ്ങിയത് ഓപ്പൺ ഇന്ററസ്റ്റ് കുറച്ചെങ്കിലും സൂചിക മികവിലാണ്. നിഫ്റ്റി ഫ്യൂച്ചർ ചാർട്ട് ബുള്ളിഷാണ്.
സെൻസെക്സ്
സെൻസെക്സ് 65,970ൽനിന്നു 67,564 വരെ ഉയർന്നശേഷം ക്ലോസിംഗിൽ 67,481 പോയിന്റിലാണ്. സർവകാല റിക്കാർഡായ 67,927 ഈ വാരം തിരുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ബുൾ റാലിയിൽ 68,061ലും 68,641 റേഞ്ചിലും പ്രതിരോധം തലയുർത്താം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് മുതിർന്നാൽ 66,403ലും 65,325ലും സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ 10,594 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വ്യാഴാഴ്ച മാത്രം അവർ നിക്ഷേപിച്ചത് 8,148 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 5,134 കോടി രൂപയുടെ വാങ്ങലും 780 കോടി രൂപയുടെ വില്പനയും നടത്തി.
രൂപ
രൂപയുടെ മൂല്യം കയറി. 83.37ൽനിന്നു മൂല്യം 83.29ലേക്ക് ശക്തിപ്രാപിച്ചു. വർഷാന്ത്യമായതിനാൽ വിദേശ ഇടപാടുകാർ ഏതവസരത്തിലും അവധിക്കാലം ആസ്വദിക്കാൻ രംഗംവിടാനുള്ള സാധ്യതകൾ വിനിമയ വിപണിയിൽ മണികിലുക്കം സൃഷ്ടിക്കും. അങ്ങനെ വന്നാൽ രൂപ 83.50ലേക്കും തുടർന്ന് 83.81ലേക്കും ദുർബലമാകാം.
ആർബിഐ വായ്പാ അവലോകനത്തിന് ഒരുങ്ങുന്നു. സാന്പത്തിക വളർച്ച വായ്പാ നിരക്കുകളിലെ ഭേദഗതികളിൽനിന്നു കേന്ദ്ര ബാങ്കിനെ പിന്തിരിപ്പിക്കാം. വിദേശ നിക്ഷേപം രൂപയ്ക്ക് താങ്ങു പകരുന്നുണ്ട്.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വത്തിനിടയിലും ഇന്ത്യ തിളങ്ങി. എൽ നീനോ പ്രതിഭാസത്തിൽ കാലവർഷം ദുർബലമായിട്ടും കാർഷിക മേഖല കരുത്തു കാണിച്ചത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
അന്താരാഷ്ട്ര തലത്തിൽ സ്വർണം പ്രതിരോധങ്ങൾ മറികടന്നങ്കിലും റിക്കാർഡ് തലത്തിലേക്ക് പ്രവേശിക്കാനായില്ല. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 2,001 ഡോളറിൽനിന്നു 2,009-2,024ലെ തടസങ്ങൾ തകർത്ത് 2,076 വരെ ഉയർന്നു.
വാരാന്ത്യം 2,071 ഡോളറിലാണ്. ഫെഡ് പലിശയിൽ മാറ്റം വരുത്തില്ലെന്ന സൂചന മഞ്ഞലോഹത്തിന് തിളക്കം പകർന്നു. വാരാവസാനം പശ്ചിമേഷ്യയിൽ വീണ്ടും വെടിയൊച്ച ഉയർന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിക്കുന്നു. പുതിയ സാഹചര്യത്തിൽ സ്വർണം 2,120-2,225 ഡോളറിലേക്ക് പുതുവർഷം സഞ്ചരിക്കാം.