ആസ്റ്റര്‍ ഇന്ത്യ-ജിസിസി ബിസിനസുകള്‍ വേർതിരിക്കുന്നു
Thursday, November 30, 2023 1:15 AM IST
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയര്‍ അതിന്റെ ഇന്ത്യ-ജിസിസി പ്രവർത്തനങ്ങള്‍ വേർതിരിക്കുന്നു. ഇതുസംബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെൽത്ത്കെയറിന്റെ ഡയറക്ടേഴ്സ് ബോർഡ് അംഗീകാരവും ആസ്റ്റര്‍ അനുബന്ധ സ്ഥാപനമായ അഫിനിറ്റി ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് അംഗീകാരവും ലഭിച്ചു.
ആസ്റ്റര്‍ ജിസിസി ബിസിനസില്‍ നിക്ഷേപിക്കാന്‍ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോർഷ്യവുമായി അഫിനിറ്റി ഹോള്‍ഡിംഗ്സ് കരാറില്‍ ഏർപ്പെട്ടു.
എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി, അൽസെയര്‍ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗമായ അല്‍ ദൗ ഹോള്‍ഡിംഗ് കമ്പനി, ഹന ഇൻവെസ്റ്റ്മെന്റ് കമ്പനി, വഫ ഇന്റർനാഷണല്‍ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവ ഉള്‍പ്പെട്ടതാണു ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യം.
നിലവിൽ ആസ്റ്ററിന് അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 226 ഫാർമസികള്‍, 251 പേഷ്യന്റ് എക്സ്പീരിയൻസ് സെന്ററുകള്‍ എന്നിവയുണ്ട്.