ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: രണ്ടാം പതിപ്പിന് ഒരുക്കങ്ങളായി
Saturday, November 25, 2023 12:52 AM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ രണ്ടാം പതിപ്പ് 2024 ഫെബ്രുവരി 11ന് നടക്കും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ബോധവത്കരണം, കൊച്ചിയെ സ്പോര്‍ട്സ് ടൂറിസം ഹബായി ഉയര്‍ത്തുക, ക്ലീന്‍-ഗ്രീന്‍-സേഫ് കൊച്ചി എന്നീ ലക്ഷ്യങ്ങളോടെയാണു മാരത്തൺ സംഘടിപ്പിക്കുന്നത്. മാരത്തണിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ക്ലിയോസ്പോര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയിൽ 42.195 കിലോമീറ്റര്‍ മാരത്തണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിവയ്ക്കുപുറമേ ഇക്കുറി ശാരീരിക വൈകല്യമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക മത്സരവും ഉണ്ടാകും.
15 ലക്ഷം രൂപയാണ് വിജയികൾക്കുള്ള സമ്മാനത്തുക. സന്നദ്ധസംഘടനയായ രക്ഷാ സൊസൈറ്റിയുടെ സഹകരണത്തോടെയാണു ഭിന്നശേഷിക്കാർക്കുള്ള മത്സരം നടക്കുക.
ഫെഡറല്‍ ബാങ്കാണ് മാരത്തണിന്റെ ടൈറ്റില്‍ സ്പോണ്സര്. കൊച്ചിയിൽ നടന്ന മാരത്തണിന്റെ പ്രഖ്യാപനച്ചടങ്ങില്‍ ദേശീയ അത്ലറ്റിക്സ് ഫെഡറേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ഹൈബി ഈഡന് എംപി, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ്. മൂര്‍ത്തി, സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ കുര്യാക്കോസ് കോണില്‍, ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ അനീഷ് പോള്‍, ശബരി നായര്‍, ബൈജു പോള്‍ എന്നിവര്‍ പങ്കെടുത്തു.
മാരത്തണിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് www. kochimarathon.in സന്ദര്‍ശിക്കുക.