നിധി കമ്പനികള്‍ക്കെതിരായ നടപടി അവസാനിപ്പിക്കണം: അസോസിയേഷന്
Friday, November 24, 2023 1:37 AM IST
തൃശൂര്‍: സംസ്ഥാനത്തു നിധി കമ്പനികളെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുംവിധത്തിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും (ആര്‍ഒസി) കേരള പോലീസിന്റെയും തെറ്റായ നടപടികള്‍ അവസാനിപ്പിക്കണമെന്നു നിധി കമ്പനിസ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡിഎച്ച് 4 രേഖകള്‍ ഫയല്‍ ചെയ്തതിലെ നിസാരപിഴവുകള് ചൂണ്ടിക്കാട്ടി മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്സ് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവു നേടി പ്രവര്‍ത്തിക്കുന്ന നിധി കമ്പനികളെക്കുറിച്ച് വാസ്തവവിരുദ്ധമായ വിവരങ്ങളാണ് ആര്‍ഒസിയുടെ അറിവോടെ കേരള പോലീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കല്‍ പറഞ്ഞു.
പ്രവര്‍ത്തനാനുമതിയില്ലാത്ത സ്ഥാപനങ്ങളെന്ന രീതിയില്‍ നിരവധി നിധി കമ്പനികളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതു ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനവും കോടതിയലക്ഷ്യവുമാണ്. ഇതിന്റെ പേരില്‍ ആര്‍ഒസി ക്കും പോലീസിനുമെതിരെ സംഘടന ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ ഇ.എ. ജോസഫ്, എം.വി. മോഹനന്, ജനറല്‍ സെക്രട്ടറി ഇ.എ. സലീഷ്, കമ്പനി സെക്രട്ടറി പവല്‍ മാളിയേക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.