യുഎൻ ആഗോള പഠന പട്ടികയിൽ ഇടംനേടി ഉത്തരവാദിത്വ ടൂറിസം മിഷൻ
Wednesday, November 22, 2023 12:30 AM IST
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ അഭിമാന പദ്ധതിയായ ഉത്തരവാദിത്ത ടൂറിസം മിഷൻ (ആർടി മിഷൻ) ഐക്യരാഷ്ട്ര സഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഗോള പഠന വിഷയ പട്ടികയിൽ ഇടംനേടി. ആകെ എട്ടു രാജ്യങ്ങളിൽനിന്നുള്ള പദ്ധതികളാണ് ഈ ആഗോള പട്ടികയിൽ ഇടംപിടിച്ചത്.
ജി-20 രാജ്യങ്ങളിലെ ടൂറിസം മേഖലയിൽനിന്നുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള പ്രത്യേക ഡാഷ് ബോർഡിലാണ് ഉത്തരവാദിത്വ ടൂറിസം മിഷനും ഇടംനേടിയത്. ഹരിത ടൂറിസം എന്ന മുൻഗണന വിഷയത്തിൽ ഇന്ത്യയിൽനിന്ന് ഉത്തരവാദിത്വ ടൂറിസവും, തബോഡ അന്ധേരി കടുവാ പദ്ധതിയും ഇടം പിടിച്ചു. മെക്സിക്കോ, ജർമനി, മൗറീഷ്യസ്, ടർക്കി, ഇറ്റലി, ബ്രസീൽ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നാണ് മറ്റ് പദ്ധതികൾ.
പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ വിജയിച്ചുവെന്ന് പഠനത്തിൽ വിലയിരുത്തുന്നു. ഉത്തരവാദിത്വ ടൂറിസം മേഖലകൾ വികസിപ്പിച്ചെടുക്കുകയും അവിടെയെല്ലാം പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിയുകയും അതു വഴി ഈ ലക്ഷ്യങ്ങൾ നടപ്പാക്കാൻ സാധിക്കുകയും ചെയ്തുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.