കയ്യാലപ്പുറത്തെ തേങ്ങപോലെ നാളികേര കർഷകർ
വിപണി വിശേഷം / കെ.ബി. ഉദയഭാനു
Monday, November 20, 2023 12:54 AM IST
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പാരവയ്പുകൾക്കിടയിൽ കയ്യാലപ്പുറത്തെ തേങ്ങയായി മാറുകയാണ് നാളികേര കർഷകർ. വെളിച്ചെണ്ണവില ഉയർത്താൻ ഉത്സാഹിക്കുന്ന വ്യവസായികൾ കൊപ്ര വിലയിൽ മാറ്റം വരുത്താൻ തയാറായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 100 രൂപയുടെ നേട്ടത്തിൽ 13,500ലേക്ക് ചുവടുവച്ചപ്പോൾ 9100ൽനിന്നും കൊപ്രയ്ക്ക് ഒരു രൂപ പോലും ഉയരാനായില്ല.
ഇതിനിടയിൽ താങ്ങുവിലയ്ക്ക് തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും സംഭരിച്ച കൊപ്ര വിറ്റുമാറാനുള്ള നീക്കത്തിലാണ് നാഫെഡ്. അധികനാൾ കൊപ്ര ഗോഡൗണുകളിൽ സൂക്ഷിച്ചാൽ ഗുണനിലവാരത്തിൽ ഇടിവ് സംഭവിക്കുമെന്ന ആശങ്ക തല ഉയർത്തുന്നു. ജനുവരിയിൽ പുതിയ നാളികേര സീസണ് ആരംഭിക്കും മുന്നേ സ്റ്റോക്ക് നില കുറയ്ക്കാനുള്ള നീക്കമാണ്.
വിപണിയിലെ പ്രതിസന്ധിൽ നട്ടം തിരിയുന്നത് സംസ്ഥാനത്തെ ചെറുകിട കർഷകരാണ്. കൊച്ചിയിൽ കൊപ്ര 9,100 രൂപയിലും കാങ്കയത്ത് 8,775 രൂപയിലും ഇടപാടുകൾ നടക്കുന്പോൾ കേരഫെഡ് 9,600 രൂപയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി വില ഇത്രമാത്രം ഉയർത്തുന്പോൾ എന്തുകൊണ്ട് തെക്കൻ കേരളത്തിൽ നിന്നോ, മലബാർ മേഖലയിലെ സഹകരണ സംഘങ്ങൾ മുഖാന്തരമോ അവർ കൊപ്ര ശേഖരിക്കുന്നില്ല.
നിലവിൽ അയൽസംസ്ഥാനത്തുനിന്നും എത്തിക്കുന്ന കൊപ്ര ഇടനിലക്കാർ വഴി നമ്മുടെ ഉത്പന്നമാക്കുന്ന പ്രതിഭാസമാണ് ഗോഡൗണുകളിൽ നടക്കുന്നത്. കേരഫെഡ്, കർഷക സംഘങ്ങൾ വഴി കൊപ്ര ശേഖരിച്ചാൽ ഉയർന്ന വിലയുടെ നേട്ടം നമ്മുടെ ഉത്പാദകർക്ക് സ്വന്തമാക്കാനാവും. ഓരോ ക്വിന്റലിനും ഏജൻസി 825 രൂപ അധികം നൽകുന്പോഴും കേരളത്തിലെ ഉത്പാദകന് യാതൊരു നേട്ടവുമില്ല. കേരഫെഡ് വെളിച്ചെണ്ണയുടെ ഏറ്റവും വലിയ വിപണി കേരളം തന്നെയെന്ന വസ്തുത പോലും വിസ്മരിച്ചാണ് പുരകത്തുന്പോൾ അവർ വാഴ വെട്ടുന്നത്.
കാപ്പി കർഷകർ സമ്മർദത്തിൽ
മഴയുടെ ഏറ്റക്കക്കുറച്ചിൽ കാപ്പി കർഷകരെ സമ്മർദത്തിലാക്കുന്നു. മഴ ഉത്പന്നത്തിന്റെ ഗുണമേന്മയെയും വിളവെടുപ്പിനെയും സ്വാധീനിച്ചതോടെ പുതിയ ചരക്ക് വരവിന് കാലതാമസം നേരിടും. രാജ്യത്തെ കാപ്പി ഉത്പാദനത്തിൽ എഴുപത് ശതമാനവും കർണാടകത്തിൽനിന്നാണങ്കിലും കേരളവും കാപ്പിക്കൃഷിയിൽ പിന്നിലല്ലാത്തതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങളെ കർഷകർ സസൂഷ്മം വിലയിരുത്തുന്നു.
കർണാടകത്തിലെ കാപ്പി കർഷകർക്കൊപ്പം വയനാടൻ കർഷകരെയും, പാലക്കാട് നെല്ലിയാംപതി കേന്ദ്രീകരിച്ച് അറബിക്കാപ്പി വിളയിക്കുന്നവരെയും കാലാവസ്ഥ വ്യതിയാനം ബാധിച്ചു. അതേസമയം റോബസ്റ്റ ഉത്പാദിപ്പിക്കുന്നവർക്ക് നിലവിലെ മഴ ഗുണകരമായി മാറുമെന്നാണ് വിലയിരുത്തൽ. മൊത്തം ഉത്പാദനം മൂന്നര ലക്ഷം ടണ്ണിൽ ഒരുങ്ങുമെന്നാണ് ആദ്യ വിലയിരുത്തൽ. ഇതിനിടയിൽ വിദേശ അന്വേഷണങ്ങൾ ചുരുങ്ങിയെന്ന നിലപാടിലാണ് കയറ്റുമതിസമൂഹം. ഉണ്ടക്കാപ്പി കിലോ 138 രൂപയിലും പരിപ്പ് 235-245 രൂപയിലുമാണ്.
നില മെച്ചപ്പെടുത്തി കുരുമുളക്
മികച്ചയിനം കുരുമുളകിന് ആഭ്യന്തര ആവശ്യം ഉയർന്നു. അന്വേഷങ്ങളെത്തിയത് നിരക്ക് മെച്ചപ്പെടുത്തി. ഹൈറേഞ്ച്, വയനാടൻ മേഖലയിലും ചരക്കുണ്ടെങ്കിലും വില്പനയ്ക്ക് വരവു കുറഞ്ഞതാണ് വാങ്ങലുകാർ നിരക്കുയർത്താൻ കാരണം. കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ആകർഷിക്കാൻ വാങ്ങലുകാർ ശ്രമിച്ചു.
കൊച്ചി ടെർമിനൽ മാർക്കറ്റിൽ വില ഉയർന്നതോടെ വരവ് 159.5 ടണ്ണായി ചുരുങ്ങി. ഇതിൽ 14 ടണ് ദീപാവലി മുഹൂർത്ത വ്യാപാരത്തിലാണ് നടന്നത്. അതായത്, പിന്നിട്ട വാരത്തിലെ വരവ് കേവലം 145 ടണ്ണിൽ ഒതുങ്ങി. സീസണ് മുൻനിർത്തി സ്റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കുമെന്ന് വിപണി വൃത്തങ്ങൾ കണക്കു കൂട്ടി. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം അടുത്ത വർഷത്തെ ഉത്പാദനം സംബന്ധിച്ച് കർഷകർക്ക് വ്യക്തമായ ഒരു ചിത്രം ലഭിക്കാത്തതിനാൽ അവർ ചരക്ക് പിടിച്ചു.
അണ്ഗാർബിൾഡ് കുരുമുളക് 59,800 രൂപയായും ഗാർബിൾഡ് മുളക് 61,800 രൂപയായും ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7600 ഡോളർ. ശ്രീലങ്ക 6500 ഡോളറിനും വിയറ്റ്നാം 3425 ഡോളറിനും ബ്രസീൽ 3350 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
കത്തിവച്ച് ടയർ ലോബി
റബർ വില കൂടുതൽ മെച്ചപ്പെടുമെന്ന് ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും പ്രതീക്ഷിച്ചതിനിടയിൽ ടയർ ലോബി ഷീറ്റ് വിലയിൽ കത്തിവച്ചു. വിദേശ അവധി വ്യാപാര രംഗത്തെ തളർച്ച അവസരമാക്കി അവർ നാലാം ഗ്രേഡ് റബർ വില 15,500 രൂപയിൽനിന്നു 15,300ലേക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് 15,300ൽനിന്നു 15,000 രൂപയായി. ഒട്ടുപാലിന് 400 രൂപ ഇടിഞ്ഞ് 10,000ലും ലാറ്റെക്സ് 10,400ലുമാണ് വാരാന്ത്യം.
ആഭരണ വിപണികളിൽ സ്വർണവില ഉയർന്നു. പവൻ 44,440 രൂപയിൽനിന്ന് 45,240 രൂപയായി. ഗ്രാമിന് 5550 രൂപയിൽനിന്നു 5655 രൂപയായി. ന്യൂയോർക്കിൽ ഒൗണ്സിന് 1981 ഡോളർ.