സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Wednesday, October 4, 2023 1:39 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ 10 ദിവസത്തിനിടെ പവന് കുറഞ്ഞത് 1,880 രൂപ. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,260 രൂപയും പവന് 42,080 രൂപയുമായി. മാര്‍ച്ച് ഒമ്പതിനു ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവാണ് നിലവിൽ.
അന്താരാഷ്ട്ര സ്വര്‍ണവില 1819 ഡോളറിലും രൂപയുടെ വിനിമയനിരക്ക് 83.20ലുമാണ്. 2077 ഡോളര്‍ വരെ പോയിരുന്ന അന്താരാഷ്ട്ര സ്വര്ണവിലയാണ് 1819 ഡോളറിലേക്ക് തിരിച്ചിറങ്ങിയത്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 58 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. ഇനിയും 50 ഡോളര്‍ കുറയുമെന്ന സൂചനകള്‍ വരുന്നുണ്ട്.
കഴിഞ്ഞതവണ അമേരിക്ക പലിശനിരക്ക് 5.5 ശതമാനം തന്നെ നിലനിര്‍ത്തിയെങ്കിലും ഉയര്‍ന്ന നിലയില്‍ തന്നെ നിലനിര്‍ത്തുമെന്നുള്ള സൂചനകളാണ് പ്രധാനമായും സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. ലോകമെമ്പാടും മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ 1700 ഡോളര്‍ വരെ പോകാമെന്നുമുള്ള പ്രവചനങ്ങളും വരുന്നുണ്ട്.
കുറഞ്ഞ വിലയില്‍ അന്തര്‍ദേശീയതലത്തില്‍ ഹ്രസ്വ ഇടപാടുകാരുടെ ലാഭമെടുക്കല്‍ നടന്നാല്‍ 1875-1900 ലെവലിലേക്ക് വളരെ വേഗത്തില്‍ വില ഉയരാം. കുറഞ്ഞ വിലയില്‍ ഡിമാന്‍ഡ് വര്‍ധിക്കാനും സാധ്യതയുണ്ട്. അതും സ്വര്‍ണവില ഉയരാന്‍ കാരണമാകാമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.