കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 60-ാമത് ആയുർവേദ സെമിനാർ 15ന് തൃശൂരിൽ
Wednesday, October 4, 2023 1:39 AM IST
കോഴിക്കോട്: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 60-ാമത് ആയുർവേദ സെമിനാർ 15ന് തൃശൂർ നന്ദനം ഓഡിറ്റോറിയത്തിൽ നടക്കും.
സെമിനാറിന്റെ വജ്രജൂബിലി വർഷമായ 2023 മുതൽ എഎസ്കെ (ആയുർവേദ സെമിനാർ കോട്ടയ്ക്കൽ)എന്ന പേരിലായിരിക്കും സെമിനാർ അറിയപ്പെടുക. ക്ലിനിക്കൽ പ്രാക്ടീസ് ഓഫ് ഡെർമറ്റോളജി എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാർ നടത്തുന്നത്. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിക്കും.
ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ അധ്യക്ഷത വഹിക്കും. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ചികിത്സാ സമീപനങ്ങളെ സംബന്ധിച്ച് ഡോ. പി.എം. മധു (അസി. പ്രഫസർ, ഗവ. ആയുർവേദ കോളജ്, കണ്ണൂർ) സംസാരിക്കും. ശോധനാ ചികിത്സാ സമീപനങ്ങളെകുറിച്ച് ഡോ. കെ. മഹേഷ് (സീനിയർ മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ റിസർച്ച് വിഭാഗം, ആര്യവൈദ്യശാല കോട്ടയ്ക്കൽ) പ്രബന്ധം അവതരിപ്പിക്കും. ഡോ. സി.എം. ശ്രീകൃഷ്ണൻ (റിട്ട. പ്രഫസർ, വിപിഎസ്വി ആയുർവേദ കോളജ്, കോട്ടയ്ക്കൽ) സെമിനാറിന്റെ മോഡറേറ്റർ ആയിരിക്കും.
സെമിനാറിനോടനുബന്ധിച്ച് സഫലമീ വൈദ്യജീവിതം (ഡോ. എം.ആർ. വാസുദേവൻ നന്പൂതിരി), ഇൻസുലിൻ പ്രതിരോധം-ഒരു ആയർവേദ സമീപനം (ഡോ. ജി. ശ്രീജിത്ത്), ഇൻസുലിൻ റെസിസ്റ്റൻസ് ആൻഡ് ആയുർവേദിക് അപ്രോച്ച് (ഡോ. പ്രവീണ് ബാലകൃഷ്ണൻ) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടായിരിക്കും. കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാർ, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഐഎസ്എം) ഡോ. സലജകുമാരി എന്നിവർ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കും.
ആയുർവേദ വിദ്യാർഥികൾക്ക് വർഷംതോറും ആര്യവൈദ്യശാല നൽകിവരുന്ന വൈദ്യരത്നം പി.എസ്. വാരിയർ അഖിലേന്ത്യാ ആയുർവേദ പ്രബന്ധമത്സരത്തിനുള്ള അവാർഡ്, ആര്യവൈദ്യൻ പി. മാധവവാരിയർ ഗോൾഡ് മെഡൽ, ആര്യവൈദ്യൻ എസ്. വാരിയർ ആൻഡ് ആര്യവൈദ്യൻ മാധവിക്കുട്ടി എൻഡോവ്മെന്റ് പ്രൈസ്, ശ്രീമതി മാലതി, എം.കെ ദേവിദാസ് വാരിയർ എന്നിവരുടെ പേരിലുള്ള ജ്ഞാനജ്യോതി അവാർഡ് എന്നിവയും ആയുർവേദ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ വിതരണം ചെയ്യും.
ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള സ്വാഗതവും തൃശൂർ ബ്രാഞ്ച് മാനേജറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. കെ.വി. സുരേഷ് നന്ദിയും പറയും.