കുഫോസിന് ഐഎസ്ആര്‍ഒ ഇന്‍കോയിസ് ഗവേഷണ പദ്ധതികള്‍
Wednesday, October 4, 2023 1:39 AM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുമായി (കുഫോസ്) ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷനും (ഇന്‍കോയിസ് ഹൈദരാബാദ്) ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
ഇതിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍, ഓഷന്‍സാറ്റ് 3 ഉപഗ്രഹ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഫോസിന് 30 ലക്ഷം രൂപയുടെ ഗവേഷണ പദ്ധതി അനുവദിച്ചു.
അറബിക്കടലിലെ കാര്‍ബണ്‍, നൈട്രജന്‍ ഫുട്പ്രിന്റിന്റെ അല്‍ഗോരിതം ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് തയാറാക്കുകയാണ് ഗവേഷണ പദ്ധതിയുടെ ലക്ഷ്യം. കുഫോസിലെ അക്വാട്ടിക് എന്വയേൺമെന്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. അനു ഗോപിനാഥിനാണ് ഗവേഷണ പദ്ധതിയുടെ ചുമതല. സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ഡോ. രഞ്ജിത്ത് കുമാര്‍ സാരംഗി ഐഎസ്ആര്‍ഒയുടെ പ്രതിനിധിയായി ഗവേഷണ പദ്ധതിയില്‍ പങ്കുചേരും.
ലക്ഷദ്വീപുകളിലെ പവിഴപ്പുറ്റുകളെക്കുറിച്ചു പഠിക്കാനാണ് ഇന്‍കോയിസ് കുഫോസുമായി സഹകരിക്കുന്നത്. ഇതിനായി 52.34 ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയാണ് ഇന്‍കോയിസ് കുഫോസിന് അനുവദിച്ചിരിക്കുന്നത്. ഈ പഠനത്തിനും നേതൃത്വം നല്‍കുന്നത് ഡോ. അനു ഗോപിനാഥാണ്. 2014, 2016, 2017 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആര്‍ട്ടിക് പരിവേക്ഷണ സംഘത്തില്‍ അംഗമായിരുന്നു ഡോ. അനു ഗോപിനാഥ്.