ബിൽഡിംഗ് പെർമിറ്റ് ഫീസ് വർധന: ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
Sunday, June 4, 2023 11:30 PM IST
കോട്ടയം: കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുത്തനേ കൂട്ടിയതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം സർക്കാർ മൂന്നു മാസത്തിനകം തീർപ്പാക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു.
അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.പി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
മാർച്ച് 31നാണ് കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധിപ്പിച്ചത്. അതുവരെ കേരള പഞ്ചായത്ത് മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ടങ്ങൾക്ക് അനുസൃതമായി മിതമായ ഫീസാണ് ഈടാക്കിയിരുന്നതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. പുതിയ പെർമിറ്റിനു മാത്രമല്ല പെർമിറ്റ് പുതുക്കാനും ഫീസ് വർധിപ്പിച്ചു. വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മേയ് 11-ന് തദ്ദേശവകുപ്പ് സെക്രട്ടറിക്കു നിവേദനം നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പത്രസമ്മേളനത്തിൽ ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പൻ അഞ്ചേരി, ഭാരവാഹികളായ എൻ.എം. മജീദ്, അബ്ദുൾ ലത്തീഫ്, പ്രകാശ് എന്നിവർ പങ്കെടുത്തു.